Kerala News
ക്ഷേമപെന്‍ഷന്‍ കൈക്കൂലിയെന്ന പരാമര്‍ശം; ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെല്ലാം കൈക്കൂലിക്കാരണെന്നാണോ കോണ്‍ഗ്രസ് പറയുന്നത്? കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കൈക്കൂലിയാണെന്ന് കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഈ പരാമര്‍ശത്തിലൂടെ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെല്ലാം കൈക്കൂലിക്കാരാണ് എന്നല്ലേ കോണ്‍ഗ്രസ് പറയുന്നതെന്ന് മന്ത്രി ചോദിച്ചു.
ക്ഷേമ പെന്‍ഷന്‍ സാധാരണക്കാരെ സഹായിക്കാനുള്ളതാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ആശങ്കയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്രകാരം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസിന് ആശങ്കയാണ്. 62 ലക്ഷം സാധാരണക്കാര്‍ക്ക് കൊടുക്കുന്ന ക്ഷേമപെന്‍ഷന്‍ കൈക്കൂലിയാണെന്ന് പറഞ്ഞാല്‍ അത് വാങ്ങുന്നവെരാക്കെ മണ്ടന്മാരോണോ? അവരെ വിലകുറച്ച് കാണാമോ? അവരെല്ലാം കൈക്കൂലി വാങ്ങിച്ചിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പറയാന്‍ സാധിക്കുമോ? കോണ്‍ഗ്രസ് മാപ്പ് പറയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് മാസത്തെ കുടിശ്ശിക വന്ന കാര്യം ഞങ്ങള്‍ പറഞ്ഞതാണ്.
അതിന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണകാലത്ത് 18 ലക്ഷം കുടിശിക വന്ന കാര്യം ചര്‍ച്ചയായതാണ്. ക്ഷേമ പെന്‍ഷന്‍ സാധാരണക്കാരെ സഹായിക്കാന്‍ ഉള്ളതാണ്. കേരളത്തിലാണ് ഇത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കുന്നത്. പെന്‍ഷന്‍ കൊടുക്കുന്നത് കോണ്‍ഗ്രസിന് ഇഷ്ടമല്ലന്നല്ലേ ഇതിനര്‍ത്ഥം,’ കെ.എന്‍. ബാലഗോപാല്‍ ചോദിച്ചു.
കെ.സി. വേണുഗോപാലിന്റെ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് പേടി കൊണ്ടാണ് ക്ഷേമപെന്‍ഷന്‍ പദ്ധതിയെ കെ. സി. വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും സാധാരണക്കാരുടെ ജീവിതത്തെ അദ്ദേഹം അപഹസിക്കുകയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
നിലമ്പൂരിലെ യു.ഡി.എഫിന്റെ കണ്‍വെന്‍ഷനില്‍ വെച്ചാണ് ക്ഷേമ പെന്‍ഷനെതിരെ കെ.സി വേണുഗോപാല്‍ പരാമര്‍ശം നടത്തിയത്. ക്ഷേമ പെന്‍ഷന്‍ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Content Highlight: ‘welfare pension is bribery’; Is Congress saying that all those who receive welfare pension are bribe-takers? K.N. Balagopal