national news
രാജസ്ഥാനില്‍ കടയില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാക്കള്‍ക്ക് മര്‍ദനവും പാത്രങ്ങള്‍ കഴുകണമെന്ന ഭീഷണിയും
ജയ്പൂര്‍: രാജസ്ഥാനില്‍ കടയില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് യുവാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് പത്രം കഴുകിപ്പിച്ച് കടയുടമ. ഓംപ്രകാശ് മേഘ്‌വാളും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇവർ കടയില്‍ നിന്ന് വെള്ളം കുടിച്ചത്. ജൂണ്‍ ഒന്നിനാണ് സംഭവം നടന്നത്.
കടയുടെ മുന്നില്‍ വെച്ചിരുന്ന ഒരു പാത്രത്തില്‍ നിന്ന് ലോഹ ഗ്ലാസുപയോഗിച്ചാണ് യുവാക്കള്‍ വെള്ളം കുടിച്ചത്. എന്നാല്‍ ഇത് കടയുടമയായ കാലുറാം ജാട്ടിനെ പ്രകോപിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാക്കളെ ജാതീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത കടയുടമ പത്രങ്ങള്‍ വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. നര്‍സിറാം, ഓംപ്രകാശ് എന്നിവരുടെ സഹായത്താലാണ് കടയുടമ യുവവാക്കളെ ആക്രമിച്ചത്.
പിന്നീട് യുവാക്കള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ മൂന്ന് പേര്‍ ചേര്‍ന്ന് മേഘ്‌വാള്‍ താമസിക്കുന്ന ദളിത് ഭൂരിപക്ഷ മേഖല കൂടിയായ പ്രദേശത്തേക്ക് എത്തിയെന്നാണ് വിവരം.
ഇതിനെ തുടര്‍ന്ന് പരാതി നല്‍കാന്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മേഘ് വാളിന്റെ കുടുംബം ആരോപിച്ചു.
പിന്നാലെ പ്രാദേശിക നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടതോടെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ദളിത് യുവാവിന്റെ പരാതിയില്‍ നര്‍സിറാം, ഓംപ്രകാശ്, കാലുറാം ജാട്ട് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ പ്രതികരിച്ച് ആസാദ് സമാജ് പാര്‍ട്ടി മേധാവിയും നാഗിന എം.പിയുമായ ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തിയിരുന്നു. ദളിത് യുവാക്കള്‍ക്കെതിരായ നടപടി ഇന്ത്യയില്‍ വ്യാപിച്ചിരിക്കുന്ന ജാതി വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാന്തിയ ഗ്രാമത്തില്‍ ഉണ്ടായ സംഭവം സാധാരണമായ വെറുപ്പിന്റെ ഭാഗമായുള്ള ഒരു തര്‍ക്കമല്ലെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യവസ്ഥാപിതമായ വെറുപ്പിന്റെ പ്രതിഫലനമാണെന്നും ചന്ദ്രശേഖര്‍ ആസാദ് ചൂണ്ടിക്കാട്ടി.
राजस्थान के नागौर जिले के खींवसर थाना क्षेत्र के कांटिया गांव में केवल मटकी से पानी पी लेने के “जघन्य अपराध” में दो दलित युवकों को जातिसूचक गालियां दी गईं, उनका अपमान किया गया और उनसे जबरन बर्तन साफ करवाए गए। यह अमानवीय घटना कोई साधारण विवाद नहीं, बल्कि हजारों वर्षों से चली आ रही…
— Chandra Shekhar Aazad (@BhimArmyChief) June 3, 2025
ഒരു ദളിതന് ഇപ്പോഴും വെള്ളം കുടിക്കാന്‍ അവകാശമില്ലേയെന്ന് ചോദിച്ച ആസാദ്, ഇരകള്‍ക്ക് പ്രത്യേക സംരക്ഷണവും ശരിയായ നഷ്ടപരിഹാരവും ഉറപ്പുനല്‍കണെമന്നും ആവശ്യപ്പെട്ടു. വിഷയം രാജസ്ഥാന്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും സാമൂഹിക ഐക്യം നിലനിര്‍ത്തുന്നതിനായി ഗ്രാമത്തില്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Rajasthan Dalit men forced to clean plates after drinking water from shop