തമിഴ് ഇന്ത്യയിലെ മഹത്തായ ഭാഷകളിലൊന്ന്; തമിഴ് സംസാരിക്കാനാവാത്തതില്‍ ക്ഷമ ചോദിക്കുന്നു: അമിത് ഷാ
ചെന്നൈ: ഭാഷ വിവാദം ശക്തമാകുന്നതിനിടെ തമിഴ് സംസാരിക്കാനറിയാത്തതില്‍ ക്ഷമാപണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഏറ്റവും മഹത്തായ ഭാഷകളില്‍ ഒന്നാണ് തമിഴെന്ന് വിശേഷിപ്പിച്ച അദ്ദേഹം തമിഴ് സംസാരിക്കാനറിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മധുരയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. 2026ല്‍ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യം തമിഴ്നാട്ടില്‍ ഭരണം പിടിക്കുമെന്നും പ്രസംഗത്തിനിടെ അമിത് ഷാ അവകാശപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ ആരോപിക്കുന്നതിനിടെയാണ് അമിത് ഷായുടെ തമിഴ്നാടിനെക്കുറിച്ചുള്ള പരാമര്‍ശം.
‘ഇന്ത്യയിലെ ഏറ്റവും മഹത്തായ ഭാഷകളിലൊന്നായ തമിഴില്‍ എനിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ എന്‍.ഡി.എ സര്‍ക്കാര്‍ 2026 ല്‍ ഇവിടെ സര്‍ക്കാര്‍ രൂപീകരിക്കും.
ഞാന്‍ ദല്‍ഹിയിലാണ് താമസിക്കുന്നത്, പക്ഷേ എന്റെ ശ്രദ്ധ എപ്പോഴും തമിഴ്നാട്ടിലാണ്. അമിത് ഷായ്ക്ക് ഡി.എം.കെയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് എം.കെ സ്റ്റാലിന്‍ പറയുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്. ഞാനല്ല തമിഴ്നാട്ടിലെ ജനങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തും,’ അമിത് ഷാ പറഞ്ഞു.
ഇതാദ്യമായല്ല കേന്ദ്രവും ബി.ജെ.പിയും കൊമ്പ് കോര്‍ക്കുന്നത്. കേന്ദ്രവിഹിതം ചോദിക്കുന്നത് കരച്ചില്‍ അല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുമ്പ് പറഞ്ഞിരുന്നു.
കേന്ദ്ര വിഹിതത്തിനായി തമിഴ്നാട് സര്‍ക്കാര്‍ കരയുന്നുവെന്ന മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ പ്രസ്താവന.
Content Highlight: Tamil is one of the great languages of India; I apologize for not being able to speak Tamil: Amit Shah