national news
അഴിമതി ഇല്ലാതാക്കണമെങ്കില്‍ 500 രൂപയുടെ നോട്ടുകള്‍ നിര്‍ത്തലാക്കണം: എന്‍. ചന്ദ്രബാബു നായിഡു
അമരാവതി: അഴിമതി ഇല്ലാതാക്കാന്‍ 500 രൂപയുടെ നോട്ടുകള്‍ നിര്‍ത്തലാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. എല്ലാ വലിയ നോട്ടുകളും നിര്‍ത്തലാക്കണമെന്നും എങ്കില്‍ മാത്രമേ നമുക്ക് അഴിമതി ഇല്ലാതാക്കാന്‍ കഴിയുള്ളുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
100 രൂപയ്ക്കും 200 രൂപയ്ക്കും താഴെയുള്ള നോട്ടുകള്‍ മാത്രമേ ഉണ്ടാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500, 1,000, 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായും ഇവ വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ഇപ്പോള്‍ സമ്പത്ത് സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അതേസമയം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ദിനംപ്രതി ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവു പ്രഖ്യാപിച്ച അനുകൂല്യങ്ങളിലൂടെയാണ് ആന്ധ്രയിലെ ക്ഷേമം ആരംഭിച്ചത്. ക്ഷേമം അര്‍ത്ഥവത്തായ ഒരു വിഷയമാണെന്നും അതിന്റെ വിതരണം കാര്യക്ഷമവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെന്‍സസ്, നൈപുണ്യ സെന്‍സസ് എന്നിവയില്‍ ഏതിനെയാണ് താങ്കള്‍ പിന്തുണക്കുന്നതെന്ന ഇന്ത്യാ ടുഡേ ടി.വിയുടെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന്, രണ്ടിനെയും പിന്തുണച്ചുകൊണ്ടായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.
ഡാറ്റകള്‍ വളരെ ശക്തമായ ഒന്നാണെന്നും എല്ലാ പൗരന്മാര്‍ക്കുമിടയില്‍ ഒരേസമയം ജാതി സെന്‍സസ്, നൈപുണ്യ സെന്‍സസ്, സാമ്പത്തിക സെന്‍സസ് എന്നിവ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പ്രാദേശിക ഭാഷയും മാതൃഭാഷയും അനിവാര്യമാണ്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുമായി ഒരു വിട്ടുവീഴ്ചയും വേണ്ട,’ എന്‍. ചന്ദ്രബാബു നായിഡുവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദും അമരാവതിയും രാജ്യത്തെ ഒന്നാം നമ്പര്‍ നഗരങ്ങളാകുമെന്നും ആഗോളതലത്തില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം ഇതാദ്യമായല്ല നോട്ട് നിരോധനത്തെ കുറിച്ച് ആന്ധ്രാ മുഖ്യമന്ത്രി സംസാരിക്കുന്നത്. മെയ്യില്‍ നടന്ന ടി.ഡി.പിയുടെ കണ്‍വെന്‍ഷനിലും 500 രൂപ നിര്‍ത്തലാക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
2016 നവംബറില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചിരുന്നു. കള്ളപ്പണവും അഴിമതിയും തടയുന്നതിന് വേണ്ടിയായിരുന്നു നോട്ടുനിരോധനം.
Content Highlight: To eliminate corruption, Rs 500 notes should be abolished: N. Chandrababu Naidu