Kerala News
ലക്ഷദ്വീപിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് പഠനം നടത്തണം: ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് പഠനം നടത്തണമെന്ന് കേരള ഹൈക്കോടതി. അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അഭിപ്രായം തേടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ലക്ഷദ്വീപിലെ പ്രാദേശിക ഭാഷകളായ മഹല്‍, അറബി ഭാഷകളെ സ്‌കൂള്‍ സിലബസില്‍ നിന്നും ഒഴിവാക്കിയതിനെതിരായ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിധി പറയാന്‍ കേസ് മാറ്റിയതായുമാണ് വിവരം.
ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി അജാസ് അക്ബര്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഇടപെട്ടത്.
ലക്ഷദ്വീപില്‍ ത്രിഭാഷാ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ഭാഷയായ മഹല്‍, അറബി എന്നീ ഭാഷകളെ സിലബസില്‍ നിന്ന് ഒഴിവാക്കുന്ന നടപടി ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ജൂണ്‍ ഒമ്പതിന് സ്‌കൂള്‍ തുറക്കാനിരിക്കെയാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ പുറപ്പെടുവിച്ചത്.
ജസ്റ്റിസ് വസന്ത ബാനര്‍ജി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ സിലബസില്‍ ഉള്‍പ്പെടുത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
70 വര്‍ഷമായി നിലനില്‍ക്കുന്ന സംവിധാനത്തെയാണ് ഉത്തരവിലൂടെ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി, ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തിരുന്നോയെന്ന് ചോദ്യമുയര്‍ത്തിയിരുന്നു.
മെയ് 14ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ത്രിഭാഷാ നയം സംബന്ധിച്ച് ഒരു ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം മിനിക്കോയ് ദ്വീപിലെ മഹല്‍ ഭാഷയേയും ദ്വീപീല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന അറബി ഭാഷയേയും സിലബസില്‍ നിന്ന് പുറത്താക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം.
വിദ്യാഭ്യാസ ഡയറക്ടര്‍ റാം പത്മകുമാര്‍ ത്രിപാഠിയാണ് ത്രിഭാഷ നയം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍.സി.എഫ് 2023) എന്നിവ പ്രകാരമായിരുന്നു ഉത്തരവ്.
ലക്ഷദ്വീപില്‍ കേരള, സി.ബി.എസ്.ഇ സിലബസുകളിലാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. പത്ത് ദ്വീപകളിലായി 3092 വിദ്യാര്‍ത്ഥികളാണ് കേരള സിലബസ് പഠിക്കുന്നത്. മിനിക്കോയിയിലെ സംസാരഭാഷയായ മഹല്‍ ഭാഷയും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്.
മഹല്‍ സംസാരിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും മലയാളം അറിയില്ല എന്നതും മറ്റൊരു പ്രതിസന്ധിയാണ്. മിനിക്കോയ് ഒഴികെയുള്ള ദ്വീപുകളില്‍ ജസരി എന്ന ലിപിയില്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്. ഇവര്‍ക്ക് പുറമെ അറബി പഠിക്കുന്ന വലിയൊരു വിഭാഗവും ലക്ഷദ്വീപിലുണ്ട്.
Content Highlight: Study should be conducted before changing the curriculum in Lakshadweep: High Court