കപ്പലിലെ തീപ്പിടുത്തം; കേരള തീരത്തിന് അകലേക്ക് മാറ്റാൻ നീക്കം
കോഴിക്കോട്: ബേപ്പൂര്‍ തീരത്തിന് സമീപം തീപ്പിടിച്ച കപ്പലിൽ രക്ഷാദൗത്യ സംഘം ഇറങ്ങിയതായി വിവരം. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ വഴി വടം കെട്ടി കപ്പലിലേക്ക് ഇറങ്ങിയതായാണ് വിവരം.
കപ്പലിന്റെ കൊളുത്തുള്ള ഭാഗത്ത് വലിയ വടം കെട്ടി ടഗ് ബോട്ടിൽ ബന്ധിപ്പിച്ച് കേരള തീരത്ത് നിന്ന് കൂടുതൽ അകലെ കപ്പലിനെ മാറ്റാനുള്ള ശ്രമമാണെന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്.
അതീവ ദുഷ്ക്കരമായ രക്ഷാപ്രവർത്തനമാണ് നടത്തുന്നതെന്നാണ് വിവരം. കേരള തീരത്ത് നിന്നും 95 കിലോ മീറ്റർ ദുരത്താണ് കപ്പലുള്ളതെന്നും അപകടം കേരളത്തെ ബാധിക്കുമെന്ന ആശങ്ക അകറ്റാൻ സഹായിക്കുമെന്നുമാണ് വിവരം.
അതേസമയം ബേപ്പൂര്‍ തീരത്തിന് സമീപം തീപിടിച്ച കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും തുടരുകയായിരുന്നു. നിലവിൽ തീയില്ലാത്ത സ്ഥലത്താണ് രക്ഷാപ്രവർത്തകർ ഇറങ്ങിയതെന്നാണ് വിവരം.
കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചിലും പുരോഗമിക്കുന്നുണ്ട്. തായ്‌വാന്‍ സ്വദേശികളായ രണ്ട് പേരേയും ഇന്തോനേഷ്യ, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരെയുമാണ് കാണാതായിരിക്കുന്നത്. 18 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ബേപ്പൂര്‍ തീരത്തിന് സമീപം വാന്‍ഹായ് 503 എന്ന സിങ്കപ്പൂര്‍ മദര്‍ഷിപ്പിന് തീപ്പിടിച്ചത്. അപകടത്തെ തുടര്‍ന്ന് കപ്പലിലെ നിരവധി കണ്ടെയ്‌നറുകള്‍ കപ്പലില്‍ പതിച്ചിരുന്നു. കപ്പല്‍ ഇതുവരെ പൂര്‍ണമായി മുങ്ങിയിട്ടില്ല. എന്നാല്‍ അപകടകരമായ പല വസ്തുക്കളും കപ്പലിലുണ്ടെന്നത് ആശങ്ക പരത്തുന്നുണ്ട്.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപ്പിടിച്ചത്. 2005ലാണ് അപകടത്തില്‍പ്പെട്ട കപ്പല്‍ നിര്‍മിച്ചത്. ഒരു മാസത്തിനിടെ അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ ചരക്ക് കപ്പലാണിത്.
Content Highlight: Fire on ship; move to move away from Kerala coast