ഇറാനിലെ ഇസ്രഈല്‍ ആക്രമണം; ഐ.ആര്‍.ജി.സി മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു
ടെഹ്റാന്‍: ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷ്യനറി ഗാര്‍ഡ് കോര്‍പ്‌സ് മേധാവി കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയാണ് മരിച്ചത്. ഐ.ആര്‍.ജി.സി ആസ്ഥാനത്തുണ്ടായ ആക്രമണത്തിലാണ് മേജര്‍ കൊല്ലപ്പട്ടത്.
ഇറാനില്‍ ഇസ്രഈല്‍ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തങ്ങള്‍ പൂര്‍ണമായും സജ്ജരെന്ന് ഹൊസൈന്‍ സലാമി പ്രതികരിച്ചിരുന്നു.
ഹൊസൈന്‍ സലാമിയുടെ മരണത്തിന് പിന്നാലെ സയണിസ്റ്റ് ശത്രുവും അമേരിക്കയും വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ വക്താവ് ജനറല്‍ ഷെകാര്‍ച്ചി പ്രതികരിച്ചു. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഇറാന്‍ ശക്തമായ പ്രതിരോധം അഴിച്ചുവിടുമെന്നും ജനറല്‍ ഷെകാര്‍ച്ചി പറഞ്ഞു.
നിലവില്‍ ഇറാനിലെ മുഴുവന്‍ വ്യോമകേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. ഇസ്രഈല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ആവര്‍ത്തിച്ചു.
ഇതിനിടെ ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയത്.
Content Highlight: Israeli attack on Iran; IRGC chief Hossein Salami killed