ഇറാനില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം; ലക്ഷ്യമിട്ടത് സുപ്രധാന ആണവ കേന്ദ്രത്തെ
ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രഈല്‍ വീണ്ടും ആക്രമണം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ ടെഹ്‌റാനിലെ രാജ്യത്തെ ഏറ്റവും ശക്തമായ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് സമീപം രണ്ട് വലിയ സ്ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഏറ്റവും സുരക്ഷയുള്ള ആണവ കേന്ദ്രമാണ് ഫോര്‍ഡോയിലേത്.
ടെഹ്‌റാനിലെ ആണവ, മത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഫോര്‍ഡോയ്ക്ക് സമീപം ഒരു ഇസ്രഈലി ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാനിയന്‍ വ്യോമ പ്രതിരോധ സേന വ്യക്തമാക്കിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ ഇറാനിലെ ഷിയാ മുസ്‌ലിം പുണ്യ നഗരമായ ഖോമിലും ഇസ്രഈല്‍ ആക്രമണം നടത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം യെമനില്‍ നിന്ന് ഇസ്രഈലിലേക്കും ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജെറുസലേമില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെ (വെള്ളിയാഴ്ച) ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷ്യനറി ഗാര്‍ഡ് കോര്‍പ്സ് മേധാവി കൊല്ലപ്പെട്ടിരുന്നു. മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയാണ് മരിച്ചത്. ഐ.ആര്‍.ജി.സി ആസ്ഥാനത്തുണ്ടായ ആക്രമണത്തിലാണ് മേജര്‍ കൊല്ലപ്പട്ടത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും അറിയിച്ചിരുന്നു.
1980ല്‍ ഇറാന്‍-ഇറാഖ് യുദ്ധ സമയത്താണ് സലാമി ഐ.ആര്‍.ജി.സിയില്‍ ചേരുന്നത്. 2024ല്‍ ഇസ്രാഈലിനെതിരെ ആക്രമണം നടത്തിയ ആദ്യഘട്ടം മുതല്‍ക്കേ സലാമിയായിരുന്നു റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവി.
നിലവില്‍ ഇറാനിലെ മുഴുവന്‍ വ്യോമകേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. ഇസ്രഈല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ആവര്‍ത്തിച്ചു.
ഇസ്രഈലിനോട് തിരിച്ചടിച്ച ഇറാന്‍ നൂറിലധികം ഡ്രോണുകള്‍ രാജ്യത്തേക്ക് വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlight: Israel attacks Iran again; targets key nuclear site