Kerala News
മുട്ടുമടക്കി രാജ്ഭവന്‍; ഔദ്യോഗിക പരിപാടികളില്‍ നിന്ന് കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കും
ഔദ്യോഗിക പരിപാടികളില്‍ നിലവിളക്കും ഭാരതാംബയുടെ ചിത്രവും വേണമെന്ന പിടിവാശി ഒഴിവാക്കി രാജ്ഭവന്‍. ഇക്കാര്യത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരുമായി തര്‍ക്കം വേണ്ടെന്ന നിലപാടില്‍ രാജ്ഭവന്‍ എത്തിയതായാണ് വിവരം.
ഔദ്യോഗിക പരിപാടികളില്‍ കാവി പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും നിലവിളക്കും ഉണ്ടാവില്ലെന്നും എന്നാല്‍ അനൗദ്യോഗിക പരിപാടികളില്‍ ചിത്രവും വിളക്കും ഉള്‍പ്പെടുത്തുമെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
അതേസമയം ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിയായ മാധ്യമ പ്രവര്‍ത്തകന്‍ പി.എന്‍ ശ്രീകുമാര്‍ എഴുതിയ ലേഖനത്തിലും പരിസ്ഥിതി ദിനത്തിലുണ്ടായ ഭാരതാംബ വിവാദത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കൃഷി വകുപ്പിന് ഭാരതാംബ ചിത്രം മാറ്റണമെന്ന പിടിവാശിയായിരുന്നുവെന്നും നിലവിളക്ക് മാറ്റേണ്ടന്നായിരുന്നു അന്ന് അറിയിച്ചതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്
ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം രാജ്ഭവനില്‍ നിന്നും നടത്തുന്നത് സംബന്ധിച്ചായിരുന്നു വിവാദം ഉടലെടുത്തത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും വേണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ കൃഷി വകുപ്പ് പരിപാടി റദ്ദാക്കി.ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കിയത്. ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ കാവി പുതച്ച ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു.
ഇതോടെയാണ് വിവാദമാരംഭിച്ചത്. എന്നാല്‍ പിന്നീട് മറ്റൊരു പരിപാടിയില്‍ വെച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ പതാക ഉയര്‍ത്തുന്നതിനിടെകൂടെ നിന്ന ആളുകള്‍ ഭാരത് മാതാ കീ ജയ് വിളിച്ചത് വിഷയം വീണ്ടും ചര്‍ച്ചയാക്കി. ഈ വിഷയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു. സി.പി.ഐ.എം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Content Highlight: Raj Bhavan on its knees; saffron flag-waving Bharatamba’s image to be removed from official events