Kerala News
പാലക്കാട്ടെ കോണ്‍ഗ്രസ് ഓഫീസിന് ചുവപ്പ് പെയിന്റ് അടിക്കാനുള്ള മുൻ പ്രസിഡന്റിന്റെ ശ്രമം തടഞ്ഞ് പൊലീസ്
കോട്ടായി: പാലക്കാട് കോട്ടായിയില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോട്ടായിയിലെ കോണ്‍ഗ്രസിന്റെ മണ്ഡലം ഓഫീസില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചുവപ്പ് പെയിന്റ് അടിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. കെട്ടിടം താഴിട്ട് പൂട്ടുകയും ചെയ്തു.
കോട്ടായി മണ്ഡലം പ്രസിഡന്റ് കെ. മോഹന്‍കുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.ഐ.എമ്മില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. വാടക കരാര്‍ തന്റെ പേരിലാണെന്ന് പറഞ്ഞുകൊണ്ടാണ് കെ. മോഹന്‍കുമാര്‍ സ്ഥലത്തെത്തിയത്.
ഇതിനുപിന്നാലെയാണ് മോഹന്‍കുമാറും സംഘവും ചുവരില്‍ പെയിന്റ് അടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു.
ഇതിനിടെ കെട്ടിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കെട്ടിടത്തിന്റെ കരാര്‍ മോഹന്‍കുമാറിന്റെ പേരിലാണെന്ന് പൊലീസ് കണ്ടെത്തി. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ മണ്ഡലം പ്രസിഡന്റ് എന്ന നിലയിലാണ് മോഹന്‍കുമാര്‍ കരാര്‍ ഉണ്ടാക്കിയതെന്നും അത് വ്യക്തിപരമായ ഒന്നല്ലെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി കോണ്‍ഗ്രസ് ഓഫീസായി തുടരുന്ന കെട്ടിടത്തിലാണ് മോഹന്‍കുമാറും സംഘവും ചുവപ്പ് പെയിന്റ് അടിക്കാന്‍ ശ്രമിച്ചതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം പാലക്കാട് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവാണ് മോഹന്‍കുമാറിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ഡി.സി.സി പ്രസിഡന്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്ന് ആരോപിച്ചാണ് മോഹന്‍കുമാറും സംഘവും പാര്‍ട്ടി വിട്ടത്. പാലക്കാട് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ എം.എല്‍.എയും എം.പിയുമായ ഷാഫി പറമ്പില്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഇവര്‍ ഉയര്‍ത്തിയിരുന്നു.
സി.പി.ഐ.എമ്മില്‍ ചേര്‍ന്നതിന് പിന്നാലെ ഷാഫി പറമ്പിലിന്റെ പെട്ടി പിടിച്ചതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ജയിച്ചതെന്നും ഡി.സി.സി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സി.പി.ഐ.എമ്മിലേക്ക് എത്തുമെന്നും മോഹന്‍കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: Police thwart attempt to paint red colour on Congress office in Palakkad