national news
കർണാടകയിൽ ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീക്ക് പീഡനം; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വെടിവെച്ച് പൊലീസ്
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ 60 വയസുള്ള ഭിന്നശേഷിക്കാരിയായ ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിക്കവേ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാരോപിച്ച് പൊലീസ് പ്രതിയുടെ കാലിൽ വെടിവെക്കുകയായിരുന്നു.
23കാരനായ ഫൈറോസ് യാസിൻ യറഗട്ടി എന്ന പ്രതിക്കാണ് വെടിയേറ്റത്. ദണ്ഡേലി സ്വദേശിനിയായ സ്ത്രീ ജൂൺ 12ന് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. പ്രതിയവരെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. പിന്നാലെ അവർ ദണ്ഡേലി ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനിടെ, പൊലീസ് നൂറോളം പ്രതികളുടെ ഫോട്ടോകൾ അവർക്ക് കാണിച്ചുകൊടുത്തു. അതിൽ നിന്ന് ഫൈറോസ് യാസിൻ യറഗട്ടിയെ അവർ തിരിച്ചറിഞ്ഞു.
ദണ്ഡേലിയിലെ ബെയ്ൽപാറിൽ താമസിക്കുന്ന ഫൈറോസ് യറഗട്ടി, നിയമവിരുദ്ധ മദ്യ വ്യാപാരം, കഞ്ചാവ് കടത്ത്, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ആക്രമണം തുടങ്ങിയ കേസുകളിൽ മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവറായും മണൽ കടത്തുകാരനായും യറഗട്ടി ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദണ്ഡേലി-യെല്ലാപൂർ ഹൈവേയിൽ കുൽഗായ് റോഡിന് സമീപം യറഗട്ടിയെ പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു.
കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഓഫീസർ കൃഷ്ണപ്പയ്ക്ക് പരിക്കേറ്റു. കൂടാതെ ഓഫീസർ ഇമ്രാന്റെ കൈയിൽ കത്തികൊണ്ട് പരിക്കേറ്റു. സംഘർഷത്തിനിടെ യാരഗട്ടി എസ്.ഐ കിരണിനെ കുത്താനും ശ്രമിച്ചു. തുടർന്ന് രണ്ട് മുന്നറിയിപ്പ് വെടിയുതിർത്ത ശേഷം, എസ്.ഐ കിരൺ യറഗട്ടിയുടെ ഇടതു കാലിൽ, കാൽമുട്ടിന് താഴെ വെടിവച്ചു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയെയും നിലവിൽ ദണ്ഡേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlight: Karnataka Dalit woman sexually assaulted, robbed, accused shot during arrest