Kerala News
നഗ്നവീഡിയോ അയച്ചില്ലെങ്കില്‍ പൂജ ചെയ്ത് കുട്ടികളെ അപകടപ്പെടുത്തും; ഭക്തയുടെ പീഡനപരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍
തൃശൂര്‍: കര്‍ണാടക സ്വദേശിയായ യുവതിയുടെ പീഡനപരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരിയായ അരുണ്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ച് ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പീഡനത്തിനിരയാക്കിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയ യുവതിയെ ഇയാള്‍ നിരന്തരം വീഡിയോ കോള്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
പൂജ ചെയ്ത് യുവതിയുടെ കുട്ടികളെ അപകടപ്പെടുത്തുമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്. യുവതിയുടെ കുടുംബപ്രശ്‌നം പരിഹരിക്കാനായി ഒരു പൂജ ചെയ്യാന്‍ യുവതി ഈ പൂജാരിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനായി 25000 രൂപ വേണമെന്നും നഗ്നപൂജ ചെയ്യണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ യുവതി ഇത് നിരസിച്ചു.
തുടര്‍ന്ന് യുവതിയുടെ കുഞ്ഞുങ്ങളെ കൊല്ലാനായി പൂജ ചെയ്യുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങി യുവതി ഇയാളെ വീഡിയോ കോള്‍ ചെയ്തു. എന്നാല്‍ പീന്നിട് ഈ വീഡിയോ ഉപയോഗിച്ച് അരുണ്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി നഗ്നനനായി യുവതിയെ വീഡിയോ കോള്‍ വിളിക്കുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി യുവതിയോട് ഇയാള്‍ കേരളത്തില്‍ വരാന്‍ പറയുകയും ഹോട്ടലില്‍ റൂം എടുക്കാന്‍ പറയുകയും ചെയ്തു. ഈ നിര്‍ദേശ പ്രകാരം കേരളത്തില്‍ എത്തിയ യുവതിയെ രണ്ട് പൂജാരിമാര്‍ ചേര്‍ന്ന് കാറില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. വീഡിയോ കോള്‍ അടക്കമുള്ളതിന്റെ തെളിവുകള്‍ സമേതമാണ് യുവതി പരാതി നല്‍കിയത്.
കേസിലെ പ്രധാനപ്രതിയായ മുഖ്യപൂജാരി ഉണ്ണി ദാമോദരന്‍ ഒളിവിലാണ്. എന്നാല്‍ പൂജാരിയായ അരുണിനെ യുവതിയുടെ പരാതിയില്‍ ബെന്തല്ലൂര്‍, കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ക്ഷേത്രഭാരവാഹികള്‍ കേസ് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. യുവതിയുടെ പരാതി വ്യാജമാണെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
Content Highlight: Temple priest arrested on abusive and blackmail complaint filed by Karnataka native