World News
റഷ്യ സ്വവര്‍ഗാനുരാഗത്തെ നിരോധിച്ചിട്ടില്ല, പ്രചരണമേ നിരോധിച്ചിട്ടുള്ളൂ: പുടിന്‍
മോസ്‌ക്കോ: റഷ്യയില്‍ സ്വവര്‍ഗാനുരാഗികളെ നിരോധിച്ചിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. സ്വവര്‍ഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രചരണം മാത്രമേ റഷ്യ നിരോധിച്ചിട്ടുള്ളൂവെന്നും അതേസമയം സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കാന്‍ പദ്ധതിയിട്ടില്ലെന്നും പുടിന്‍ പറഞ്ഞു.
പ്രചാരണ നിരോധനത്തെ കുറിച്ച് മാത്രമേ ചര്‍ച്ചകള്‍ നടന്നിട്ടുള്ളൂവെന്നും പാരമ്പര്യേതര ബന്ധങ്ങള്‍ നിരോധിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും പുടിന്‍ പറഞ്ഞു. എല്ലാവരും തുല്യരാണെന്നാണ് എല്ലായ്‌പ്പോഴും വാദിച്ചിട്ടുള്ളതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തിയായവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളതിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നും വെസ്റ്റേണ്‍ മെയിന്‍സ്ട്രീം ഐഡിയോളജികള്‍ റഷ്യന്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ടെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.
അതിനാലാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള എല്‍.ജി.ബി.ടി.ക്യു പ്രചരണം നിരോധിക്കുന്ന 2013ലെ നിയമത്തെ പിന്തുണച്ചതെന്നും പിന്നാലെ മുതിര്‍ന്നവരെയും കൂട്ടിച്ചേര്‍ത്ത് 2022ല്‍ നിയമം വികസിപ്പിക്കുകയായിരുന്നുവെന്നും പുടിന്‍ പറഞ്ഞു.
അതേസമയം റഷ്യയില്‍ നിരവധി മതങ്ങളുണ്ടെങ്കിലും ഭൂരിപക്ഷ ആളുകളും ധാര്‍മികതയെ കുറിച്ചുള്ള അടിസ്ഥാന വിശ്വാസങ്ങള്‍ പങ്കിടുന്നവരാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ പവല്‍ സരുബിനുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്നും മാറി നിന്നാല്‍ രാജ്യത്തിന്റെ ഐഡന്റിറ്റിയും സ്റ്റേറ്റ്ഹുഡും നഷ്ടപ്പെടുമെന്നും ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ ലിബറലിസം തുടര്‍കാലത്ത് കാലഹരണപ്പെടുകയും പിന്നീട് സമഗ്രാധിപത്യമായി മാറുകയും ചെയ്തിട്ടുണ്ടെന്നും വടക്കേ അമേരിക്കയിലുള്‍പ്പെടെ അതിന് ഉദാഹാരണങ്ങളുണ്ടെന്നും പടിഞ്ഞാറന്‍ യൂറോപ്പിലുള്ള ആളുകളും ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ റഷ്യയുടെ സത്യസന്ധവും വ്യക്തവും കൃത്യവുമായ നിലപാട് യു.സിലെയും മറ്റ് രാജ്യങ്ങളിലെയും സമാന ചിന്താഗതിക്കാര്‍ക്ക് ആളുകളെ അവബോധത്തിലെത്തിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു.
റഷ്യയില്‍ 2013ല്‍ എല്‍.ജി.ബി.ടി.ക്യു പ്രചരണത്തെ നിരോധിക്കുന്ന നിയമം പാസാക്കിയിരുന്നു. 2022ല്‍ നിയമത്തില്‍ ചില മാറ്റങ്ങളും വരുത്തിയിരുന്നു. അതേസമയം 2023ല്‍ റഷ്യന്‍ സുപ്രീം കോടതി ഇന്റര്‍നാഷണല്‍ എല്‍.ജി.ബി.ടി പ്രസ്ഥാനത്തെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlight: Russia has not banned homosexuality, only propaganda: Putin