ജനക്കൂട്ട നിയന്ത്രണത്തിനായി പുതിയ നിയമവുമായി കര്‍ണാടക; നിയമലംഘനമുണ്ടായാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും
ബെംഗളൂരു: തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ അപകടത്തിന് പിന്നാലെ ആള്‍ക്കൂട്ട നിയന്ത്രണത്തിനായി പുതിയ നിയമം കൊണ്ട് വരാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും 50000 മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ആള്‍ക്കൂട്ടത്തിന് കാരണമാകുന്ന ചടങ്ങ് നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രതിനിധികളെ പ്രതിയാക്കുന്ന രീതിയിലാണ് നിയമം നിര്‍മിച്ചിരിക്കുന്നത്.
പരിപാടി നടത്തുന്നതിന് മുമ്പ് പരിപാടി ആസൂത്രണം ചെയ്യുന്ന ആള്‍ അപേക്ഷ സമര്‍പ്പിക്കണം. ഇനി ഒരുപക്ഷെ പരിപാടിയില്‍ എത്തിച്ചേര്‍ന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാതിരിക്കുകയോ നിയമം ലംഘിക്കുകയോ പിഴയെടുക്കാതിരിക്കുകയോ ചെയ്താല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ബില്ലിന്റെ കരട് രൂപത്തില്‍ പറയുന്നത്.
അനുമതി ലഭിക്കാത്ത പരിപാടിയില്‍ അശ്രദ്ധ മൂലം മരണമോ പരിക്കോ ഉണ്ടായാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെടും. ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും ജാമ്യം ലഭിക്കാത്തതാണ്. ഒരു ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാവും കേസ് കൈകാര്യം ചെയ്യുക.
സ്‌പോര്‍ട്‌സ്, സര്‍ക്കസ് പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്കായി ആള്‍ക്കൂട്ടം എത്തിച്ചേരുന്ന പരിപാടിയുടെ ആസൂത്രകര്‍ക്കായി വിവിധ വ്യവസ്ഥകളും നിയമത്തിലുണ്ട്. രാഷ്ട്രീയ റാലികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും കരടില്‍ നിര്‍ദ്ദേശമുണ്ട്.
അതേസമയം മേളകള്‍, രഥോത്സവങ്ങള്‍, വള്ളംകളി, ഉറൂസ് എന്നിങ്ങനെയുള്ള മതപരമായ ആഘോഷങ്ങളെ ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു കന്നി ഐ.പി.എല്‍ കിരീടം നേടിയതിന് പിന്നാലെ നടന്ന വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ വലിയ തോതില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. അപകടത്തെ തുടര്‍ന്ന് ആര്‍.സി.ബി മാര്‍ക്കറ്റിങ് മേധാവിയടക്കം നാലോളം പേര്‍ അറസ്റ്റിലായിരുന്നു.
Content Highlight: Karnataka proposes crowd control law; Violation of the law is punishable by imprisonment up to three years and a fine