കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം; അന്വേഷണം സി.ബി.ഐക്ക് വിട്ടു
കൊച്ചി: കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ച കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. മരണപ്പെട്ട ഗോകുലിന്റെ കുടുംബം സമര്‍പ്പിച്ച ഹരജിയിലാണ് കേസ് സി.ബി.ഐക്ക് വിട്ടതായി സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ ഹൈക്കോടതി ഹരജി തീര്‍പ്പാക്കി.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് അമ്പലവയല്‍ സ്വദേശിയായ ഗോകുലിനെ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദിവാസി പെണ്‍കുട്ടിയെ കാണാതായ കേസില്‍ ഗോകുലിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മാര്‍ച്ച് 26നാണ് കല്‍പ്പറ്റയില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ അവര്‍ക്കൊപ്പം ഗോകുലും ഉണ്ടായിരുന്നു.
തുടര്‍ന്ന് ഇരുവരേയും കല്‍പ്പറ്റയില്‍ എത്തിച്ചെങ്കിലും ഗോകുലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയും പെണ്‍കുട്ടിയെ വിട്ടയക്കുകയുമായിരുന്നു. അന്ന് രാത്രി സ്‌റ്റേഷനില്‍ തങ്ങിയ ഗോകുലിനെ പിറ്റേ ദിവസം ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശുചിമുറിയില്‍ പോയി കുറേ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹ്യയാണെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ യുവാവിന്റെ കുടുംബം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുകയായിരുന്നു.
Content Highlight: Death of Tribal youth in Kalpetta police station; Investigation handed over to CBI