ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടാന്‍ സാധ്യത; രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷത്തില്‍ യു.എസിന്റെ നിലപാട് രണ്ടാഴ്ചക്കുള്ളില്‍ സ്വീകരിക്കുമെന്ന് വൈറ്റ്ഹൗസ്. സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടണോ വേണ്ടയോ എന്ന കാര്യത്തില്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
ഇനിയുള്ള സാഹചര്യങ്ങളില്‍ ഇറാനുമായി ചര്‍ച്ച നടക്കാനും നടക്കാതിരിക്കാനുമുള്ള സാഹചര്യമുള്ളതിനാല്‍ സംഘര്‍ഷത്തില്‍ ഇടപെടണോ എന്നത് താന്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനിക്കും, ട്രംപിനെ ഉദ്ധരിച്ച് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
പ്രസിഡന്റ് ട്രംപില്‍ വിശ്വസിക്കണമെന്നും ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന് ഉറപ്പാക്കലാണ് ട്രംപിന്റെ മുന്‍ഗണനയെന്നും കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ഇറാന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ താന്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്കും അറിയില്ലെന്നും ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് രണ്ടാഴ്ചക്കുള്ളില്‍ നിലപാട് സ്വീകരിക്കുമെന്ന് പ്രസ് സെക്രട്ടറി അറിയിക്കുന്നത്.
ഇസ്രഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യം തന്നെയാണ് നിലവില്‍. നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും വിവരമുണ്ട്.
അതേസമയം സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇസ്രഈലില്‍ 24 പേരും ഇറാനിന്റെ അവസാന അപ്‌ഡേറ്റ് പ്രകാരം 224 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ 639 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് വാഷിങ്ടണ്‍ ആസ്ഥാനമാക്കിയുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു.
Content Highlight: US likely to intervene in Israel-Iran conflict; White House says decision will be made within two weeks