Kerala News
കണ്ണൂരിലെ യുവതിയുടെ ആത്മഹത്യക്ക് കാരണം എസ്.ഡി.പി.ഐ പ്രവര്‍ത്തകരല്ല, ആണ്‍സുഹൃത്തെന്ന് കുടുംബം; സദാചാര വിചാരണ നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച് പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടവിചാരണക്കിരയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആള്‍ക്കൂട്ട വിചാരണ നടന്നിട്ടില്ലെന്ന് യുവതിയുടെ കുടുംബം. കേസില്‍ റിമാന്‍ഡിലിരിക്കുന്ന മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും നിരപരാധികളാണെന്നുമാണ് യുവതിയുടെ കുടുംബം പറയുന്നത്.
യുവതിയുടെ ആണ്‍സുഹൃത്താണ് ആത്മഹത്യക്ക് കാരണമെന്നും യുവതിയുടെ പണവും സ്വര്‍ണവുമടക്കം സുഹൃത്ത് തട്ടിയെടുത്തിരുന്നുവെന്നും യുവാവിന് നേരെ സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ പക്ഷം.
എന്നാല്‍ സദാചാര വിചാരണ നടന്നിട്ടുണ്ടെന്ന് തന്നെയാണ് പൊലീസ് പറയുന്നത്. കൃത്യമായ തെളിവുണ്ടെന്നും യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായും അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
അതേസമയം പിടിയിലായ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും അവരുടെ ബന്ധുക്കളാണെന്നും കുടുംബം പറയുന്നുണ്ട്. എം.സി മന്‍സിലില്‍ വി.സി മുബഷിര്‍, കണിയാന്റെ വളപ്പില്‍ കെ.എ ഫൈസല്‍, കൂടത്താന്‍ക്കണ്ടി ഫൗസില്‍ വി.കെ റഫാസ് എന്നീ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് റിമാന്‍ഡിലുള്ളത്.
മൂന്ന് പേരെയും പിണറായി പൊലീസാണ് അറസ്റ്റ് ചെയ്തത്. പറമ്പാടി റെസീന മന്‍സിലില്‍ റെസീനയെ കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.
റെസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് ചോദ്യം ചെയ്യുകയും സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായതാണ് സംഭവത്തിനാസ്പദമായ സംഭവം. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപത്ത് കാറിനരികില്‍ വെച്ചായിരുന്നു റെസീന സുഹൃത്തിനോട് സംസാരിച്ചത്.
റെസീനയെ സദാചാര സംഘം വീട്ടിലേക്ക് തിരിച്ചയക്കുകയും സുഹൃത്തിനെ കൈയ്യേറ്റം ചെയ്ത് മൈതാനത്ത് എത്തിക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂറോളമാണ് സംഘം യുവാവിനെ വിചാരണ ചെയ്തത്.
പിന്നാലെ ഫോണും ടാബും പിടിച്ചെടുക്കുകയും രാത്രി എട്ടരയോടെ പറമ്പായിലെ എസ്.ഡി.പി.ഐ ഓഫീസിലെത്തിക്കുകയും ഇരുവരുടെയും വീട്ടുകാരെ അവിടേക്ക് വിളിച്ച് വരുത്തുകയും ചെയ്യുകയായിരുന്നു.
യുവാവിനെ വിട്ടയച്ചിട്ടും ഫോണും മറ്റ് ഉപകരണങ്ങളും വിട്ട് നല്‍കാന്‍ സംഘം തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ഇവ കണ്ടെത്തുകയായിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.
Content Highlight: Family says not SDPI activists boyfriend was the reason for the suicide of a young woman in Kannur; Police confirm that a moral trial has been held