ഇസ്രഈല്‍- ഇറാന്‍ സംഘര്‍ഷം; ഇറാനെ പിന്തുണച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്
ടെഹ്‌റാന്‍: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനെ പിന്തുണച്ച് മുസ്‌ലിം ബ്രദര്‍ഹുഡ്. വ്യത്യസ്ത മുസ്‌ലിം ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് സയണിസ്റ്റ് അസ്തിത്വത്തെ നേരിടണമെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇറാന്റെ പരമോന്നത നേതാവ് അലി ആയത്തുല്ല ഖാംനഇയെ അഭിസംബോധനെ ചെയ്ത കത്തിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആക്ടിങ് മേധാവി സലാ അബ്ദുള്‍ ഹഖാണ് കത്തയച്ചത്.
അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയോടെ പ്രാദേശിക ശക്തികളെ ദുര്‍ബലപ്പെടുത്തുക എന്ന ഇസ്രഈലിന്റെ ലക്ഷ്യമാണ് ഇവയെ നയിക്കുന്നതെന്നും ഫലസ്തീനെതിരെയുള്ള ആക്രമണത്തിന്റെ ഒരു പുതിയ ഘട്ടമാണിതെന്നും ഹഖ് പറഞ്ഞു. മേഖലയിലെ ചെറുത്ത് നില്‍പ്പിനെതിരെ വ്യാപകമായ ആക്രമണമാണ് ഇസ്രഈല്‍ നടത്തുന്നതെന്ന് ഹഖ് കൂട്ടിച്ചേര്‍ത്തു.
മതപരം, ആത്മീയം, നാഗരികത, ഭൗമരാഷ്ട്രീയം എന്നീ അര്‍ത്ഥങ്ങളില്‍ നമ്മള്‍ ഒരു രാഷ്ട്രമാണെന്നും നമ്മുടെ വംശങ്ങളെയോ വിഭാഗങ്ങളെയോ തമ്മില്‍ ഇസ്രഈല്‍ വേര്‍തിരിക്കുന്നില്ലെന്നും ഹഖ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖാംനഇയെ വധിക്കുമെന്ന ഭീഷണികള്‍ മണ്ടത്തരവും അശ്രദ്ധവുമാണെന്നും അവയ്ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അവ പറയുന്നത് കോടിക്കണക്കിന് വിശ്വാസികള്‍ക്കും ഇസ്‌ലാമുമായി ബന്ധപ്പെട്ടവര്‍ക്കും ഒരു കുറ്റകൃത്യമാണെന്നും ഹഖ് പറഞ്ഞു.
ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം എട്ടാമത്തെ ദിവസത്തിലെത്തിയതിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാവുന്നുണ്ടെന്നാണ് വിവരം. മിസൈല്‍ ഉല്‍പാദന കേന്ദ്രങ്ങളും ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനവും ലക്ഷ്യമിട്ട് ടെഹ്റാനില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല.
ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിലെ 657 പേര്‍ കൊല്ലപ്പെടുകയും 2037 ഓളം പേര്‍ക്ക് പരിക്കേറ്റതായും വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ അവസാന അപ്‌ഡേറ്റ് 224 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു. ഇസ്രഈലില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
Content Highlight: Israel-Iran conflict; Muslim Brotherhood supports Iran