17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

റാം c/o ആനന്ദി; വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നു; മാര്‍ക്കറ്റിങ്ങിലെ ജയപരാജയങ്ങള്‍ നോക്കി പുസ്തകത്തെ നിര്‍ണയിക്കാനാകില്ല- അശോകന്‍ ചരുവില്‍

Date:



Kerala News


റാം c/o ആനന്ദി; വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നു; മാര്‍ക്കറ്റിങ്ങിലെ ജയപരാജയങ്ങള്‍ നോക്കി പുസ്തകത്തെ നിര്‍ണയിക്കാനാകില്ല: അശോകന്‍ ചരുവില്‍

കോഴിക്കോട്: അഖില്‍ പി. ധര്‍മജന്റെ റാം C/o ആനന്ദി എന്ന പുസ്തകത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. പ്രസ്തുത പുസ്തകത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുള്ള ചില വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നോവല്‍ നേരത്തെ വായിച്ചിട്ടുള്ളതാണെന്നും ആധുനികഘട്ടത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള മലയാളനോവലുകളുടെ രൂപവും ഭാവവും ഉള്‍ക്കൊണ്ടെഴുതിയ ഒരു സാധാരണ നോവലായിട്ടാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ലളിതമായ ആഖ്യാനമാണെന്നും പൊതുവെ സാഹിത്യത്തിലേക്ക് പരോക്ഷരൂപത്തില്‍ കടന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ, മധ്യവര്‍ഗ്ഗ, ഫ്യൂഡല്‍ ഗൃഹാതുരതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വളരെ പ്രസക്തമായ ശ്രീലങ്കന്‍ അഭയാര്‍ത്ഥിപ്രശ്‌നവും ട്രാന്‍സ്‌ജെന്റര്‍ ജീവിതവും ഉള്‍ക്കൊള്ളുന്ന നോവലാണെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. ചിലര്‍ ആ നോവലില്‍ അശ്ലീലമുണ്ടെന്നൊക്കെ സൂചിപ്പിക്കുന്നുവെന്നും അത് വായിക്കാത്തവരായിരിക്കുമെന്നും ജീവദായകമായ പ്രണയത്തേയും ലൈംഗീകതയേയും അധമമാക്കി (ഒട്ടുമിക്കവാറും സ്ത്രീവിരുദ്ധമായും) അവതരിപ്പിക്കുന്നതിനെയാണല്ലോ പൊതുവെ അശ്ലീലം എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നോവലില്‍ സാഹിത്യം അന്വേഷിക്കരുതെന്നും ഇതൊരു സിനിമാക്കഥ മാത്രമാണെന്നും ആമുഖത്തില്‍ നോവലിസ്റ്റ് പറയുന്നുണ്ടെന്നും എന്നാല്‍ അതിനോട് യോജിപ്പില്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. സാഹിത്യം എന്നാല്‍ നോവലിസ്റ്റ് ഇവിടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സിനിമാക്കഥയാണ് എന്ന് പറയുന്നതും അബദ്ധമാണെന്നും ഭാഷയിലും ആഖ്യാനത്തിലും ഈ നോവലിനേക്കാള്‍ എത്രയോ സൂക്ഷ്മവും നവീനവും ഉന്നതവുമാണ് പുതിയ തലമുറയുടെ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നോവലിന്റെ മാര്‍ക്കറ്റിങ്ങിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ‘അതിസാധാരണമായ ഈ നോവല്‍ പുസ്തകത്തിന് ഇത്രയധികം വില്‍പനയുണ്ടായതിന്റെ കാര്യം തനിക്ക് മനസ്സിലായിട്ടില്ല. സോഷ്യല്‍മീഡിയ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിങ്ങിന്റെ വിജയമായിരിക്കാം. ഇന്ന് ഒട്ടുമിക്ക എഴുത്തുകാരും മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കുന്നുണ്ട്. ചിലര്‍ വിജയിക്കുന്നു. ചിലര്‍ പരാജയപ്പെടുന്നു. ആ രംഗത്തെ വിജയത്തെയും പരാജയത്തെയും മുന്‍നിര്‍ത്തി പുസ്തകത്തിന്റെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കാനാവില്ല,’ അശോകന്‍ ചരുവില്‍ പറയുന്നു.

പരാജയപ്പെട്ടവര്‍ വിജയിച്ചവരെ ആക്ഷേപിക്കുന്നതിലും അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യസംവാദങ്ങളും വിമര്‍ശനവും സജീവമാക്കിയാല്‍ മാത്രമേ മാര്‍ക്കറ്റിങ്ങിന്റെ പ്രലോഭനത്തില്‍ നിന്ന് വായനക്കാരനെ രക്ഷപ്പെടുത്താനാവൂവെന്നും അദ്ദേഹം പറഞ്ഞു.

ഈ നോവല്‍ അക്കാദമിപുരസ്‌കാരത്തിന് പരിഗണിക്കാന്‍ പാടില്ലായിരുന്നു എന്ന വിമര്‍ശനത്തോട് ഒരുനിലക്കും യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികയില്‍ ഉള്‍പ്പെട്ട കൃതികള്‍ മുഴുവന്‍ വായിച്ചിട്ടില്ലാത്തതുകൊണ്ട് താരതമ്യപഠനത്തിന് നിര്‍വ്വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ഗ്ഗാപ്രസാദ്, ആദി എന്നിവരുടെ കവിതകളും വി.എം.മൃദുല്‍, ജിന്‍ഷ ഗംഗ എന്നിവരുടെ കഥകളും വായിച്ച് ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. പക്ഷേ വ്യത്യസ്ത സാഹിത്യശാഖകളിലെ കൃതികള്‍ തമ്മില്‍ താരതമ്യം ചെയ്യുക ബുദ്ധിമുട്ടാണെന്നും അല്ലെങ്കില്‍ തന്നെ സാഹിത്യത്തിന്റെ മൂല്യനിര്‍ണ്ണയത്തിന് ഏതെങ്കിലും ഒരു സ്‌കെയില്‍ ഇല്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ പി.ധര്‍മജന്റെ നോവലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കല്‍പ്പറ്റ നാരായണനടക്കമുള്ള എഴുത്തുകാര്‍ നോവലിനെയും അഖില്‍ പി.ധര്‍മജന്റെ പ്രതികരണത്തെയും എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

Content Highlight: Ashokan Charuvil responds to criticism against Ram c/o Anandi




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related