Marketing Feature
ലീഗല്‍ സര്‍വീസ് ആക്ട് ഭേദഗതി ചെയ്ത് പ്രവാസികളെ അതിന്റെ പരിധിയില്‍ കൊണ്ടുവരണം; എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നിവേദനം നല്‍കി പ്രവാസി ലീഗല്‍ സെല്‍ കേരളഘടകം
തിരുവനന്തപുരം: വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് നിവേദനം നല്‍കി പ്രവാസി ലീഗല്‍ സെല്‍ കേരളഘടകം പ്രതിനിധികള്‍. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളിലാണ് നിവേദനം നല്‍കിയത്.
ഇന്നലെ (19/06/2025) യായിരുന്നു കൂടിക്കാഴ്ച്ച. ഉന്നയിച്ച വിഷയങ്ങളില്‍ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ച് ലോകസഭയില്‍ അവതരിപ്പിക്കാമെന്നും എം.പി നിവേദകസംഘത്തിന് ഉറപ്പുനല്‍കി.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കായി വേണ്ട സഹായസഹകരണങ്ങള്‍ ചെയ്യാമെന്ന് പ്രേമചന്ദ്രന്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
അഡ്വ. ആര്‍. മുരളീധരന്‍ (ജനറല്‍ സെക്രട്ടറി), തല്‍ഹത്ത് പൂവച്ചല്‍ (ട്രഷറര്‍), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീര്‍, നന്ദഗോപകുമാര്‍, അനില്‍ കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
നിവേദനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങള്‍
1. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് ലീഗല്‍ സര്‍വീസ് നിയമത്തില്‍ ഭേദഗതി വരുത്തണം: – സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന കേന്ദ്രനിയമമായ Legal Services Authorities Act, 1987 ഭേദഗതി ചെയ്ത്, ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെയും പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.
2. പ്രവാസി ഭാരതീയ ഭീമ യോജന (PBBY) ഇന്‍ഷുറന്‍സ് പദ്ധതി വിദേശത്ത് പോകുന്ന ECR/ECNR വിഭാഗങ്ങളില്‍ പെടുന്ന മുഴുവന്‍ പേര്‍ക്കും നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുകയും ചെയ്യുക:- മരണത്തിനും അംഗവൈകല്യത്തിനും നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, വിദേശത്ത് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുക, ഭീമ യോജനയെക്കുറിച്ച് കൂടുതല്‍ അവബോധം ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
3. എംബസി ക്ഷേമനിധിവഴി (Indian Community Welfare Fund-ICWF) ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ അടുത്തുതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിടയുള്ള പുതിയ കുടിയേറ്റ നിയമമായ Overseas Mobility Bill, 2024ല്‍ ഉള്‍പ്പെടുത്തണം.
4. വിദേശ തൊഴില്‍/വിദ്യാഭ്യാസ തട്ടിപ്പുകള്‍ തടയാനുള്ള നിയമം കൊണ്ടുവരണം: വിദേശജോലിക്കും സര്‍വകലാശാല പഠനത്തിനുമായി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വന്‍ തുക തട്ടിപ്പുനടത്തുന്ന ഏജന്റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ശക്തമായ കേന്ദ്ര നിയമം കൊണ്ടുവരുക.
5. എംബസി ക്ഷേമനിധിവഴി (Indian Community Welfare Fund-ICWF) നിയമസഹായം ശക്തമാക്കുക: – വിചാരണ തടവുകാര്‍ക്കും തൊഴില്‍ തര്‍ക്കങ്ങള്‍ നേരിടുന്നവര്‍ക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും സമഗ്രമായ നിയമ സഹായം നല്‍കുന്നതിന് ICWF വ്യവസ്ഥകള്‍ പരിഷ്‌കരിക്കുകയും അവ കര്‍ശനമായി നടപ്പാക്കുന്നതിന് എംബസികള്‍ക്കും വിദേശ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ വിദേശമന്ത്രാലയം നല്‍കണം.
6. മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന (MGPSY) പുനഃസ്ഥാപിക്കുക:- പ്രവാസി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, പുനരധിവാസം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിയിരുന്ന MGPSY 2012-ല്‍ ആരംഭിക്കുകയും 2017-ല്‍ പ്രത്യേക കാരണമൊന്നും ഇല്ലാതെ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ECR വിഭാഗത്തില്‍ പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായിരുന്ന ഈ പദ്ധതി കേന്ദ വിദേശകാര്യവകുപ്പ് പുനരുജ്ജീവിപ്പിക്കണം.
Content Highlight: Legal Services Act should be amended to bring expatriates under its ambit; representatives of the Pravasi Legal Cell (Kerala Chapter) submits a petition to N.K. Premachandran MP