World News
തടങ്കലല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും ഫലസ്തീനിനായി പോരാട്ടം തുടരം; ജയില്‍ മോചനത്തിന് പിന്നാലെ മഹ്‌മൂദ് ഖലീല്‍
വാഷിങ്ടണ്‍: ഫലസ്തീനെതിരായ ഇസ്രഈല്‍ വംശഹത്യയില്‍ പ്രതിഷേധിച്ചതിന് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്ത ഫലസ്തീന്‍ ആക്ടിവിസ്റ്റും കൊളംബിയ യൂണിവേഴ്സിറ്റി ബിരുദധാരിയുമായ മഹ്‌മൂദ് ഖലീലിന്റെ മോചനത്തിന് പിന്നാലെയുള്ള
ആദ്യ പ്രതികരണം പുറത്ത്.
തടങ്കലില്‍ വെക്കുകയല്ല തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും ഗസയ്ക്ക് വേണ്ടി സംസാരിക്കുന്നത് തുടരുമെന്ന് മഹ്‌മൂദ് ഖലീല്‍ പറഞ്ഞു. യു.എസ് ഭരണകൂടം ഗസയിലെ വംശഹത്യയ്ക്ക് ധനസഹായം നല്‍കുന്നു, കൊളംബിയ യൂണിവേഴ്സിറ്റി ഈ വംശഹത്യയില്‍ നിക്ഷേപം നടത്തുന്നു എന്ന തന്റെ വാദം അദ്ദേഹം ആവര്‍ത്തിച്ചു.
‘അവര്‍ എന്നെ തടങ്കലില്‍ വെക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ മാത്രമല്ല. അവര്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും, ഞാന്‍ എപ്പോഴും ഫലസ്തീനുവേണ്ടി സംസാരിക്കും,’ മഹ്‌മൂദ് ഖലീല്‍ പറഞ്ഞു.
104 ദിവസത്തെ തടങ്കല്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മഹ്‌മൂദ് ഖലീല്‍ മോചിതനായത്. ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ സൃഹൃത്തുക്കളും കുടുംബവവും മാധ്യമപ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു.
വെള്ളിയാഴ്ചയായിരുന്നു ഖലീലിന് ജാമ്യം നല്‍കാനുള്ള തീരുമാനം ന്യൂജേഴ്സിയിലെ ഒരു ഫെഡറല്‍ കോടതി പുറപ്പെടുവിച്ചത്.
ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ ഖലീലിനെ കസ്റ്റഡിയിലെടുത്ത് നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തെ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും ഖലീലിന്റെ കേസ് പരിഗണിക്കുന്ന ന്യൂജേഴ്സി ജില്ലാ കോടതി ജഡ്ജി മൈക്കല്‍ ഫാര്‍ബിയാര്‍സ് കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഖലീലിനെ ഇമിഗ്രേഷന്‍ അധികൃതര്‍ മോചിപ്പിച്ചത്.
സര്‍ക്കാര്‍ നീക്കത്തെ ജില്ലാ കോടതി ജഡ്ജി മൈക്കല്‍ ഫാര്‍ബിയാര്‍സ് തടയുകയും അദ്ദേഹത്തിന് ജാമ്യം നല്‍കണമെന്ന് കര്‍ശനമായി ഉത്തരവിടുകയുമായിരുന്നു. എന്നാല്‍ കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ അവകാശ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് മാര്‍ച്ച് മുതല്‍ ഖലീല്‍ ഇമിഗ്രേഷന്‍ അധികൃതരുടെ കസ്റ്റഡിയിലായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ) ഏജന്റുമാര്‍ ഖലീലിനെ കസ്റ്റഡിയിലെടുത്തത്.
Content Highlight: Will continue to fight for Palestine even if threatened with death;Mahmoud Khalil after release from prison