സമാധാനവും സുരക്ഷയും പുനസ്ഥാപിക്കാന്‍ സംഭാഷണവും നയതന്ത്രവും തുടരണം; സംഘര്‍ഷത്തിനിടക്ക് ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് നരേന്ദ്ര മോദി
ന്യദല്‍ഹി: ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാനുമായി സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി തന്നെയാണ് ഒരു എക്‌സ് പോസ്റ്റിലൂടെ ഇറാന്‍ പ്രസിഡന്റുമായി സംഭാഷണം നടത്തിയ വിവരം പങ്കുവെച്ചിരിക്കുന്നത്.
മേഖലയിലെ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്താന്‍ സംഭാഷണവും നയതന്ത്രവും തുടരണമെന്ന് നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. സമീപകാല സംഘര്‍ങ്ങളില്‍ ഇന്ത്യയുടെ ആശങ്കയും പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റിനെ അറിയിച്ചു.
‘ഇറാന്‍ പ്രസിഡന്റ് പെസസ്‌കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആശങ്ക അറിയിച്ചു. പ്രാദേശത്തെ സമാധാനവും സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കുന്നതിനും സംഘര്‍ഷം കുറയ്ക്കുന്നതിനും സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്തു,’ പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.
അതേസമയം സംഘര്‍ഷം തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു എന്ന പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടിരുന്നു. മൂന്ന് വിമാനങ്ങള്‍ ഇതുവരെ ഈ പദ്ധതി വഴി നാട്ടിലെത്തിയിട്ടുണ്ട്. ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ദല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വരുന്ന രണ്ട് വിമാനങ്ങളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്രഈലിനൊപ്പം ചേര്‍ന്ന് ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇറാനിലെ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിങ് നടത്തിയത്. സമാധാനം പുനസ്ഥാപിച്ചില്ലെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തുടരുമെന്നും യു.എസ്. പ്രസിഡന്റ് വ്യക്തമാക്കി. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ നടപടിയെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്തപ്പോള്‍ യു.എന്‍. വിമര്‍ശിച്ചു.
Spoke with President of Iran @drpezeshkian. We discussed in detail about the current situation. Expressed deep concern at the recent escalations. Reiterated our call for immediate de-escalation, dialogue and diplomacy as the way forward and for early restoration of regional…
— Narendra Modi (@narendramodi) June 22, 2025
മേഖലയില്‍ ഇറാന്റെ തിരിച്ചടികളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആണവകേന്ദ്രങ്ങള്‍ക്കെതിരായ അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ വ്യക്തമാക്കി. ആണവകേന്ദ്രങ്ങള്‍ക്കെതിരായ അമേരിക്കയുടെ ആക്രമണം ഇറാന്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആണവ വികിരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പരിഹരിക്കാനാകാത്ത നഷ്ടം സംഭവിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു. അമേരിക്ക ഇറാനില്‍ നടത്തിയ ബോംബിങ്ങിന് പിന്നാലെ ഇസ്രഈലില്‍ ഇറാന്‍ കൂടുതല്‍ പ്രത്യാക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
അമേരിക്കക്ക് നേരിട്ടുള്ള ഒരു തിരിച്ചടി നല്‍കാന്‍ സമ്മര്‍ദമുണ്ടെങ്കിലും ഇറാന്‍ അത്തരത്തിലൊരു നീക്കത്തിലേക്ക് കടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇസ്രഈലില്‍ കൂടുതല്‍ പ്രത്യാക്രമണങ്ങള്‍ നടത്തുകയും ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടിയായിരിക്കും ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുക എന്നുമാണ് അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അറബ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ അക്രമിക്കുന്ന നടപടിയും ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
CONTENT HIGHLIGHTS: Dialogue and diplomacy must continue to restore peace and security; Narendra Modi talks to Iranian President amid conflict