യുദ്ധം തീരുമാനിക്കാനുള്ള അധികാരം യു.എസ്. കോണ്‍ഗ്രസിന് മാത്രം, പ്രസിഡന്റിനല്ല; ഇറാനില്‍ ബോംബിട്ട ട്രംപിനെ വിമര്‍ശിച്ച് ബേര്‍ണി സാന്‍ഡേഴ്‌സ്
വാഷിങ്ടണ്‍: യുദ്ധത്തെ കുറിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ യു.എസ്. കോണ്‍ഗ്രസിന് മാത്രമേ അധികാരമുള്ളൂവെന്നും പ്രസിഡന്റിന് അധികാരമില്ലെന്നും മുതിര്‍ന്ന യു.എസ്. സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സ്. ഇസ്രഈലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ നടപടി ആശങ്കപ്പെടുത്തുന്നതല്ല, മറിച്ച് ഭരണഘടനാ ലംഘനമാണെന്നും ബേര്‍ണി സാന്‍ഡേഴ്‌സ് പറഞ്ഞു.
‘ യു.എസ്. ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കണോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം യു.എസ്. കോണ്‍ഗ്രസിന് മാത്രമാണ്. പ്രസിഡന്റിന് യുദ്ധം തീരുമാനിക്കാനുള്ള അധികാരമില്ല,’ ഒക്ലഹോമയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്ററായ ബേര്‍ണി സാന്‍ഡേഴ്‌സ് പറഞ്ഞു. ഇറാനില്‍ ബോംബിട്ടതായി അവകാശപ്പെട്ടുകൊണ്ടുള്ള ട്രംപിന്റെ കുറിപ്പ് വായിച്ചുകൊണ്ടായിരുന്നു ബേര്‍ണി സാന്‍ഡേഴ്‌സിന്റെ പ്രതികരണം. ഈ സമയത്ത് സദസ്സില്‍ നിന്ന് യുദ്ധത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്തു.
ഇറാനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെയും അതിനെ പിന്തുണക്കുന്ന ട്രംപ് ഭരണകൂടത്തെയും ബേര്‍ണി സാന്‍ഡേഴ്‌സ് കഴിഞ്ഞ ദിവസങ്ങളിലും വിമര്‍ശിച്ചിരുന്നു. ഇറാനെതിരായ ആക്രണമങ്ങളില്‍ അമേരിക്കയുടെ പിന്തുണയെ സംബന്ധിച്ച് പരസ്യമായ അവകാശവാദങ്ങള്‍ നടത്തിയ നെതന്യാഹുവിനെയും ബേര്‍ണി സാന്‍ഡേഴ്‌സ് വിമര്‍ശിച്ചിരുന്നു. അമേരിക്കയുടെ വിദേശ, സൈനിക നയങ്ങള്‍ തീരുമാനിക്കാന്‍ നെതന്യാഹുവല്ല അമേരിക്കയുടെ പ്രസിഡന്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അതേസമയം ആക്രമണത്തിന് ശേഷവും ഇറാനെതിരായ പ്രകോപനം തുടരുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമാധാനത്തിന് തയ്യാറായില്ലെങ്കില്‍ ഇറാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇറാന്‍ മിഡില്‍ഈസ്റ്റിലെ ഭീഷണിയാണെന്നും ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ കൂടുതല്‍ യുദ്ധം എന്നാണ് ഇറാനെതിരെ ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.
I learned about Trump’s unconstitutional attack on Iran at a large rally in Tulsa, Oklahoma. Here is the response: pic.twitter.com/eziVpp3Y54
— Bernie Sanders (@BernieSanders) June 22, 2025
ഇറാനില്‍ അമേരിക്കന്‍ ബോംബുകള്‍ പതിച്ചതിന് പിന്നാലെ ഇസ്രഈലില്‍ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍. ജെറുസലേമില്‍ ഇറാന്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഇറാനെതിരെ കൂടുതല്‍ ആക്രമണം നടത്തിയാല്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഇസ്രഈലിലുണ്ടാകുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ വിലയിരുത്തല്‍.
അറബ് രാഷ്ട്രങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലും ഇറാന്റെ പ്രത്യാക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത്തരം സാധ്യതകളില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അറബ് രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ പ്രത്യേക്രമണമുണ്ടായാല്‍ അത് ഇന്ത്യക്കാരുള്‍പ്പടെയുള്ള നിരവധി പേരെ ബാധിക്കുമെന്നും ആശങ്കയുണ്ട്. എന്നാല്‍ അതുണ്ടാകില്ലെന്നും പകരം അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രഈലില്‍ ആക്രമണം നടത്തുന്ന നിലപാടായിരിക്കും ഇറാന്‍ സ്വീകരിക്കുക.
കൂടാതെ ഹോര്‍മൂസ് വഴിയുള്ള കപ്പലുകള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവും ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും, അത് അന്താരാഷ്ട്ര വാണിജ്യത്തെ പ്രതിസന്ധിയിയാക്കുകയും ചെയ്യും. ഈ സമ്മര്‍ദ തന്ത്രവും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ നിരീക്ഷീക്കുന്നത്.
content highlights: The power to decide war Only to US Congress, not to the President; Bernie Sanders criticizes Trump for bombing Iran