ഇസ്രഈല്‍ വെടിനിര്‍ത്തല്‍ മൂന്ന് തവണ ലംഘിച്ചെന്ന് ഇറാന്‍; ഒരാക്രമണത്തിനും മറുപടി നല്‍കാതെ പോകില്ല
ടെഹ്‌റാന്‍: ഇസ്രഈല്‍ മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍. ഇറാന്‍ പ്രാദേശികസമയം രാവിലെ ഒമ്പത് മണി മുതല്‍ ഇസ്രഈല്‍ മൂന്ന് തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം വ്യക്തമാക്കി.
മുമ്പ് പറഞ്ഞതുപോലെ ഇറാനെതിരായ ഒരാക്രമണത്തിനും മറുപടി നല്‍കാതിരിക്കില്ലെന്നും സയണിസ്റ്റ് ഭരണകൂടം വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി.
‘രാജ്യത്തിനെതിരായ ഒരാക്രമണത്തിനും മറുപടി നല്‍കാതിരിക്കില്ല. സയണിസ്റ്റ് ഭരണകൂടം വലിയ വില നല്‍കേണ്ടി വരും,’ ഇറാന്‍ സൈന്യം എക്‌സില്‍ കുറിച്ചു.
അതേസമയം ഇറാനിയന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് രാജ്യത്തിനെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ നിര്‍ബന്ധിതരായതെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയിലൂടെ (എസ്.എന്‍.എസ്.സി) അറിയിച്ചു.
ഇസ്രഈലിന്റെ ശത്രുതാപരമായ നീക്കത്തെ നേരിടാന്‍ സുരക്ഷാ സേന മാതൃകാപരമായ ധൈര്യം പ്രകടിപ്പിച്ചതിന് ഇറാനിയന്‍ സുരക്ഷാ ഏജന്‍സി സൈന്യത്തെ അഭിനന്ദിച്ചു.
സയണിസ്റ്റ് ശത്രുവിന്റെ ആക്രമണത്തിന് മറുപടിയായി, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേനയിലെ ധീരരും ആത്മത്യാഗികളുമായ അംഗങ്ങള്‍ പരമോന്നത നേതാവിന്റെ കല്‍പ്പനകള്‍ പാലിക്കുകയും ധൈര്യത്തോടെ പ്രതികരിക്കുകയും ചെയ്തതായും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.
Content Highlight: Iran says Israel violated ceasefire three times; will not go without responding to any attack