ഗവര്‍ണരുടെ പരിപാടിയില്‍ വീണ്ടും കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം; ഇത്തവണ കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം.
കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍വെച്ച് നടക്കുന്ന ശ്രീ പദ്മനാഭ സേവ സമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് എന്ന
പരിപാടിയിലാണ് കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം സ്ഥാപിച്ചത്.
എന്നാല്‍ ചിത്രം അവിടെ നിന്ന് നീക്കം ചെയ്യണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം സര്‍വകലാശാലയുടെ ചടങ്ങള്‍ക്ക് എതിരാണെന്നും രജിസ്ട്രാര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസും ഈ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പരിപാടി നടത്തണമെങ്കില്‍ ചിത്രം അവിടെ നിന്ന് ഒഴിവാക്കണമെന്ന നിലപാടിലാണ് സര്‍വകലാശാല. എന്നാല്‍ ചിത്രം ഒഴിവാക്കിയില്‍ പരിപാടി റദ്ദാക്കുമെന്ന് സംഘാടകരും പ്രതികരിച്ചു. ബലം പ്രയോഗിച്ച് തങ്ങളെ ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കില്ലെന്നും അറസ്റ്റ് ചെയ്ത് നീക്കട്ടെയന്നും സംഘാടകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവസ്ഥലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും നിലയുറപ്പിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രം വെക്കാന്‍ അനുവദിക്കില്ലെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നത്. ജനാധിപത്യത്തിനെതിരായ, ഭരണഘടനാ വിരുദ്ധമായ ഒരു ചിത്രവും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്.
ഇതുവരെ ഗവര്‍ണര്‍ പരിപാടിയില്‍ എത്തിച്ചേര്‍ന്നിട്ടില്ല. കാവിക്കൊടിയേന്തിയ സ്ത്രീ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിക്ക് കത്തെഴുതും എന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പുതിയ വിവാദം.
ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗത്തിലാണ് സര്‍ക്കാരിന്റെ നിലപാടറിയിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നും അതാണ് പ്രോട്ടോക്കോള്‍ എന്നടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തുക.
Content Highlight: Picture of Bharatamba at the Governor’s event again; this time at the Senate Hall of the University of Kerala