വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിന് ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ബി.ജെ.പിയുടെ വർഗീയ പ്രചാരണം ഒറ്റകെട്ടായി എതിർക്കണം: ശിവപ്രസാദ്
തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ ബി.ജെ.പിയും കാസയും ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം ഇറക്കിവിടുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
ലീഗിന് വഴങ്ങി കെ. സി വേണുഗോപാലിനെ ഹൈക്കമാന്റ് ഒഴിവാക്കി എന്നാണ് ഈ ബി.ജെ.പി കാസ സംഘം പ്രചരിപ്പിക്കുന്നതെന്നും എന്നാൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അഭ്യർത്ഥനപ്രകാരമാണ് കെ.സി വേണുഗോപാലിനെ ദൽഹിയിലും, വി.ഡി സതീശനെ കേരളത്തിലും നിലനിർത്താൻ തീരുമാനിച്ചതെന്നും ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
കെ.സി വേണുഗോപാലിനെ കുറിച്ച് മുസ്‌ലിം ലീഗിനുള്ള അഭിപ്രായത്തിൽ താൻ യോജിക്കുന്നു എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
‘വർഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് യു.ഡി.എഫ് ആണ് എന്നാൽ അത് ചെറുക്കേണ്ടത് കേരളത്തിൻ്റെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാം,’ ശിവപ്രസാദ് പറഞ്ഞു.
അതേസമയം കേരളാ മുഖ്യമന്ത്രിയായി വി.ഡി സതീശനെ കോൺഗ്രസ് ഹൈക്കമാന്റ് തെരഞ്ഞെടുത്തു. പത്തുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരെ പിന്തള്ളിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്.
Content Highlight: BJP’s communal campaign targeting minorities for making V.D. Satheesan the Chief Minister should be opposed in unison: Sivaprasad




