ജൂൺ 15 മുതൽ സ്ത്രീകൾ കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര, നിർണായക പ്രഖ്യാപനങ്ങളുമായി ആദ്യ മന്ത്രിസഭായോഗം
തിരുവനന്തപുരം: സത്യവാചകം ചൊല്ലി അധികാരത്തിലേറിയതിന് ശേഷം ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് സർക്കാർ.
തെരഞ്ഞടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടിയിലെ രണ്ട് പ്രധാന ഗ്യാരണ്ടികൾ അടക്കം നിർണായകമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. കെ.എസ്.ആർ.ടി.സി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ജൂൺ 15 മുതൽ നടപ്പാക്കും, ആശ വർക്കർമാരുടെ വേതനത്തിൽ 3000 രൂപ വർധിപ്പിക്കും, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരളയാത്രക്കെതിരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചമർത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വർധനവ്, സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് 1000 രൂപ വർധനവ് എന്നീ തീരുമാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
നിയമസഭാ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ മെയ് 21 ന് നടത്തുമെന്നും അഡ്വക്കേറ്റ് ജനറലായി ജൈജു ബാബുവിനെ നിയമിക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി ടി. അസഫലിയെ നിയമിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാകുന്നതിന് വേണ്ടി സർക്കാർ ധവളപത്രം പുറത്തിറക്കുമെന്നും സതീശൻ പ്രഖ്യാപിച്ചു.
കൂടുതൽ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight :Free travel on KSRTC from June 15, first cabinet meeting with crucial announcements




