25
June, 2026

A News 365Times Venture

25
Thursday
June, 2026

A News 365Times Venture

കുട്ടികളുടെ ഭാവിയല്ല, മോദിക്ക് പ്രധാനം സ്വന്തം നിലനില്‍പ്പ്; സി.ബി.എസ്.ഇ വിവാദത്തില്‍ ആഞ്ഞടുച്ച് രാഹുല്‍ ഗാന്ധി

Date:



national news


‘കുട്ടികളുടെ ഭാവിയല്ല, മോദിക്ക് പ്രധാനം സ്വന്തം നിലനില്‍പ്പ്’; സി.ബി.എസ്.ഇ വിവാദത്തില്‍ ആഞ്ഞടുച്ച് രാഹുല്‍ ഗാന്ധി

 

ന്യൂദല്‍ഹി: സി.ബി.എസ്.ഇ പരീക്ഷാ മൂല്യനിര്‍ണയത്തിന് ഉപയോഗിച്ച ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയേക്കാള്‍ പ്രധാനമന്ത്രി തന്റെ സര്‍ക്കാരിന്റെ നിലനില്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വന്‍ വീഴ്ചയില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

സി.ബി.എസ്.ഇയുടെ ഒ.എസ്.എം പ്രക്രിയയെക്കുറിച്ചും കോംപ്റ്റ് (COEMPT) എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ചും ആദ്യ ദിവസം മുതല്‍ താന്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെന്നും സത്യമെന്താണെന്ന് രാജ്യം അറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഒ.എസ്.എം കരാര്‍ നല്‍കുന്നതിനായി സി.ബി.എസ്.ഇ മൂന്ന് തവണ ടെന്‍ഡര്‍ വിളിച്ചതായി രാഹുല്‍ ചൂണ്ടിക്കാട്ടി. ആദ്യ തവണ ആരും ലേലം വിളിയില്‍ പങ്കെടുത്തില്ല. രണ്ടാം തവണ യോഗ്യരായ ആരെയും ലഭിച്ചില്ല. മൂന്നാം തവണ കോംപ്റ്റ് എന്ന കമ്പനിക്ക് യോഗ്യത നേടാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതിക മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു.

സ്‌കാനിങ് റെസല്യൂഷന്‍ 300 ഡി.പി.ഐയില്‍ നിന്ന് 200 ഡി.പി.ഐ ആയി കുറച്ചു, റോബോട്ടിക് സ്‌കാനര്‍ നിര്‍ബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി, സി.എം.എം.ഐ സര്‍ട്ടിഫിക്കേഷന്‍ ലെവല്‍ 5ല്‍ നിന്ന് ലെവല്‍ 3 ആയി കുറച്ചു, ഉത്തരക്കടലാസിലെ പിഴവുകള്‍ക്കുള്ള പിഴ ഒഴിവാക്കി തുടങ്ങിയ മാറ്റങ്ങള്‍ മാനദണ്ഡങ്ങളില്‍ വരുത്തിയാണ് പ്രസ്തുത കമ്പനിയെ സഹായിച്ചതെന്ന് രാഹുല്‍ ഗാന്ധിയും ജയറാം രമേശും ചൂണ്ടിക്കാട്ടി.

പ്രാദേശിക കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പോലും ഇത് നടപ്പിലാക്കാതെ തിരക്കിട്ട് കൊണ്ടുവന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്തായിരുന്നു എന്നായിരുന്നു ജയറാം രമേശിന്റെ ചോദ്യം. നേരത്തെ ‘ഗ്ലോബറീന’ (Globarena) എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് വിവാദങ്ങളില്‍പ്പെട്ട പ്രസ്തുത കമ്പനിയെക്കുറിച്ച് പശ്ചാത്തല പരിശോധന നടത്തിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.എസ്.ഇ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് (TCS) മൂന്നാം റൗണ്ടില്‍ യോഗ്യത നേടിയിട്ടും മോശം ട്രാക്ക് റെക്കോര്‍ഡുള്ള കോംപ്റ്റിനാണ് കരാര്‍ നല്‍കിയത്. 18.5 ലക്ഷം കുട്ടികളുടെ ഭാവിയാണ് നിയമങ്ങള്‍ വളച്ചൊടിച്ച് ഈ കമ്പനിയെ ഏല്‍പ്പിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് മുന്‍പ് ചുരുങ്ങിയത് ഒന്നോ രണ്ടോ വര്‍ഷത്തെ തയ്യാറെടുപ്പ് വേണമെന്ന് അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ച് തിരക്കിട്ട് നടപ്പിലാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Content Highlight:  Rahul slams Modi over CBSE OSM controversy

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related