റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമണെന്ന് ജി.സുധാകരന്‍; എം.എല്‍.എമാരുടെ രാജാവാകാന്‍ നോക്കേണ്ടെന്ന് റെജി ചെറിയാന്‍
ആലപ്പുഴ: കുട്ടനാട് എം.എല്‍.എ റെജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എം.എല്‍.എ ജി. സുധാകരന്‍.
കുട്ടനാട് എം.എല്‍.എ താന്‍ അറിയാതെയാണ് അമ്പലപ്പുഴ സ്പില്‍ വേയില്‍ പരിശോധന നടത്തിയതെന്നും സമ്പത്തിന്റെ അഹങ്കാരമാണ് കാരണമെന്നും ജി.സുധാകരന്‍ പറഞ്ഞു. റെജി ചെറിയാന്‍ തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിച്ചതാണ് അദ്ദേഹത്തെ ചൊടുപ്പിച്ചത്.
ഒരു എം.എല്‍.എയുടെ മേല്‍ മറ്റൊരു എം.എല്‍.എ അധികാരം സ്ഥാപിക്കേണ്ടതില്ലെന്നും മറ്റാരെങ്കിലും ആണെങ്കില്‍ അത് ചെയ്യിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരമാണ്. നിയമസഭാ പ്രിവിലേജ് കമ്മിറ്റിയില്‍ പരാതി നല്‍കിയാല്‍ റെജി ചെറിയാന്‍ ശിക്ഷിക്കപ്പെടും.
റെജി ചെറിയാന്‍ വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. ഞാനവിടെ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാന്‍ പോകുന്ന നേതാക്കന്മാരെ എനിക്കറിയാം. 63 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് ഞാന്‍,’ ജി സുധാകരന്‍ പറഞ്ഞു.
ആദ്യത്തെ തവണ എം.എല്‍.എയാവുന്നയാള്‍ ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എം.എല്‍.എമാരുടെ രാജാവാകാന്‍ നോക്കേണ്ടെന്നായിരുന്നു റെജി ചെറിയാന്റെ പ്രതികരണം.
‘ഈ പറഞ്ഞ മഹാന്‍ മന്ത്രിയായിരിക്കുന്ന കാലത്ത് അവിടെ നിന്ന് കരിമണല്‍ കൊണ്ടുപോയിട്ടുണ്ട്. ആ സമയത്തും സമയബന്ധിതമായി തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചിട്ടില്ല. കുട്ടനാട്ടിലെ പാവങ്ങളുടെ വീട്ടില്‍ വെള്ളം കേറിയാല്‍ രാത്രിക്ക് രാത്രി എമര്‍ജന്‍സി കോണ്‍ട്രാക്റ്റ് കൊടുത്ത് കോടികള്‍ മുടക്കി മണ്ണ് മാറ്റാന്‍ തുടങ്ങും. റെജി ചെറിയാന്‍ പോയത് മണ്ണ് വാരികൊണ്ട് പോവാനല്ല. ഉത്തരവാദിത്തപ്പെട്ട എഞ്ചിനിയറെക്കൂട്ടിയാണ് പോയത്,’ അദ്ദേഹം പറഞ്ഞു. ഇത് യു.ഡി.എഫ് ആണെന്നും എം.എല്‍.എമാരുടെ നേതാവാകാന്‍ നോക്കേണ്ടെന്നും റെജി ചെറിയാന്‍ പറഞ്ഞു.
‘നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുകയോ, വേറൊരാളുടെ മണ്ഡലത്തില്‍ കടന്നുകയറി ചെയ്യുകയോ ചെയ്തിട്ടില്ല. വ്യക്തിഹത്യ ചെയ്യുന്നത് നോക്കിക്കണ്ട് ചെയ്താല്‍ കൊള്ളാം. ഇതു യു.ഡി.എഫാണ്. ജനാധിപത്യ പാര്‍ട്ടിയാണ്. ഇവിടെ എന്റെയോ വേറെ ഏതെങ്കിലും എം.എല്‍.എയുടേയോ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട. അതിനു സമ്മതിക്കില്ല. അതിനു നിന്നുകൊടുക്കുകയുമില്ല. എന്നെ വ്യക്തിപരമായി പറഞ്ഞാല്‍ ശക്തമായ ഭാഷയില്‍ തിരിച്ചു പറയും,’ അദ്ദേഹം പറഞ്ഞു.
Content Highlight: G. Sudhakaran calls Reji Cherian arrogant with wealth; Reji Cherian says he should not try to become the king of MLAs




