India
വിജയ് രാജിവെച്ച സീറ്റില്‍ മത്സരിക്കാനില്ല; ടി.വി.കെ ഓഫര്‍ ചെയ്ത മന്ത്രിസ്ഥാനം വേണ്ടെന്ന് വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങളുമായി വിടുതലൈ ചിരുതൈഗല്‍ കക്ഷി (വി.സി.കെ) നേതാവ് തോല്‍ തിരുമാവളവന്‍.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോയിലാണ് തിരുമാവളവന്‍ നിലപാട് വ്യക്തമാക്കിയത്. തമിഴക വെട്രി കഴകം നയിക്കുന്ന സര്‍ക്കാരില്‍ താന്‍ മന്ത്രിസ്ഥാനത്തിന് ശ്രമിക്കുന്നു എന്ന രീതിയില്‍ പരക്കുന്ന ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ മന്ത്രിസഭയില്‍ പ്രധാനസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് തന്നെ ടി.വി.കെ ഔദ്യോഗികമായി സമീപിച്ചിരുന്നുവെന്ന് തിരുമാവളവന്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ ഈ വലിയ ഓഫര്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള നിര്‍ദേശം ഞാന്‍ പൂര്‍ണ്ണമായും നിരസിച്ചു, തന്നെ പരിഗണിച്ചതിന് മുഖ്യമന്ത്രിയോട് പ്രത്യേകം നന്ദി പറയുന്നു,’ തിരുമാവളവന്‍ വീഡിയോയില്‍ പറഞ്ഞു.
തന്റെ തീരുമാനം ഉറച്ചതാണെന്നും യാതൊരുവിധ ബാഹ്യസമ്മര്‍ദങ്ങള്‍ക്കും വഴങ്ങി ഇതില്‍ മാറ്റം വരുത്തില്ലെന്നും വി.സി.കെ നേതാവ് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിലും താന്‍ പങ്കാളിയാകില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
ഭാവിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തന്റെ പങ്കാളിത്തം സംബന്ധിച്ച് വരാന്‍ സാധ്യതയുള്ള അഭ്യൂഹങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും യാതൊരുവിധ പ്രാധാന്യവും നല്‍കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തമിഴ്നാട്ടില്‍ നിലവിലുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പൊതുസേവനം നടത്താനോ ഭരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാനോ താന്‍ ഒരു എം.എല്‍.എ ആകേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പദവികളേക്കാള്‍ ഉപരിയായി പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും തോള്‍ തിരുമാളവന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ പ്രത്യേക രാഷ്ട്രീയ ധാരണകളെത്തുടര്‍ന്നാണ് വി.സി.കെ, ഇടതുപക്ഷ പാര്‍ട്ടികള്‍, ഐ.യു.എം.എല്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്) എന്നിവര്‍ ചേര്‍ന്ന് ടി.വി.കെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, കോണ്‍ഗ്രസ് ഈ ഭരണസഖ്യവുമായി വേറിട്ട മറ്റൊരു പ്രത്യേക ധാരണയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിനുമായി കൃത്യമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ടി.വി.കെ നയിക്കുന്ന പുതിയ സഖ്യത്തിന് പിന്തുണ നല്‍കാന്‍ വി.സി.കെ തീരുമാനിച്ചതെന്ന് തിരുമാവളവന്‍ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ഒരു ഭരണപ്രതിസന്ധി ഉണ്ടാകാതിരിക്കാനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് തടയുക എന്ന കൃത്യമായ ലക്ഷ്യത്തോടെയുമാണ് ഈ രാഷ്ട്രീയ നീക്കം നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ടി.വി.കെ നേതാവ് വിജയ്‌ക്കെതിരെ താന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന കാര്യവും തിരുമാവളവന്‍ വീഡോയിയില്‍ ഓര്‍മിപ്പിച്ചു.
എന്നാല്‍ മുന്‍കാല വിമര്‍ശനങ്ങള്‍ക്കപ്പുറം സഖ്യത്തിന്റെ ഐക്യവും തമിഴ്നാടിന്റെ രാഷ്ട്രീയ സ്ഥിരതയും ഉള്‍പ്പെടെയുള്ള വിശാലമായ രാഷ്ട്രീയ പരിഗണനകളാണ് ഇപ്പോഴത്തെ തന്റെ നിലപാടുകളെ നയിക്കുന്നതെന്നും വി.സി.കെ അധ്യക്ഷന്‍ വ്യക്തമാക്കി.
നിലവിലെ സഖ്യത്തില്‍ യാതൊരുവിധ വിള്ളലുകളുമില്ലെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലും പാര്‍ട്ടി നിലപാടുകള്‍ മുന്‍നിര്‍ത്തിയുമാണ് ഉപതെരഞ്ഞെടുപ്പില്‍ നിന്നുള്ള പിന്മാറ്റവും മന്ത്രിസ്ഥാനം നിരസിക്കലുമെന്നാണ് തിരുമാവളവന്റെ വിശദീകരണം.
Content Highlight: VCK chief Thirumavalavan rules out contesting Tiruchirappalli East bypoll, declines ministerial offer




