24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

രാഹുലിനെതിരെ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ചവരും പോയി കണ്ടവരും രണ്ടല്ല ഒന്നാണെന്ന് ഡി.സി.സി സെക്രട്ടറി- കോണ്‍ഗ്രസിനകത്തും വിമര്‍ശനം ശക്തമാവുന്നു

Date:



Kerala


രാഹുലിനെതിരെ മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ചവരും പോയി കണ്ടവരും രണ്ടല്ല ഒന്നാണെന്ന് ഡി.സി.സി സെക്രട്ടറി: കോണ്‍ഗ്രസിനകത്തും വിമര്‍ശനം ശക്തമാവുന്നു

തിരുവനന്തപുരം: എന്‍.ഡി.എ ഘടകകക്ഷി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വീട്ടിലെത്തി സന്ദര്‍ശിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വിമര്‍ശനം ശക്തമാവുന്നു. ഇതിന് പുറമെ മുഖ്യ മന്ത്രി വി.ഡി സതീശന്‍ തുഷാറുമായി കൂടിക്കാഴ്ച നടത്തിയതടക്കം വെള്ളാപ്പള്ളി നടേശനോടും മകന്‍ തുഷാറിനോടും മന്ത്രിമാര്‍ സ്വീകരിക്കുന്ന അനുഭാവ സമീപനത്തിലും പാര്‍ട്ടിക്കകത്ത് നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

മലപ്പുറം ഡി.സി.സി സെക്രട്ടറി സി.കെ ഹാരിസാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നിയിച്ചിരിക്കുന്നത്. ‘രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് മത്സരിച്ച എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ചവരും പോയി കണ്ടവരും രണ്ടല്ല ഒന്നാണ്,’ എന്ന് സി.കെ ഹാരിസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രമേശ് ചെന്നിത്തലയുടെ പേര് എടുത്ത് പറയാതെയാണ് വിമര്‍ശനം.

വര്‍ഗീയത പറയാന്‍ മാത്രം വായ തുറക്കുന്ന വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയ പിണറായിയും അനുഗ്രഹം വാങ്ങാന്‍ പോയ ബിന്ദുകൃഷ്ണയും രണ്ടല്ല ഒന്നാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ന്യായീകരിക്കുന്ന കമ്മികളും കൊങ്ങികളും രണ്ടല്ല ഒന്നാണ്. നേതാക്കള്‍ പ്രവര്‍ത്തകരുടെ മുഖത്തേക്ക് തുപ്പരുതെന്നും സി.കെ ഹാരിസ് കുറിച്ചു.

വെള്ളാപ്പള്ളിയോടും തുഷാറിനോടും കോണ്‍ഗ്രസ് സ്വീകരിക്കുന്ന പുതിയ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് അനൂപ് വി.ആര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയായിരുന്നു അനൂപ് വി.ആര്‍ തന്റെ വിമര്‍ശനങ്ങളുന്നയിച്ചത്.

സീനിയര്‍ വെള്ളാപ്പള്ളിയെ ആയാലും ജൂനിയര്‍ വെള്ളാപ്പള്ളിയെ ആയാലും ചര്‍ച്ചക്ക് ഇരുത്തി ‘ലെജിറ്റിമസി’ ഉണ്ടാക്കികൊടുക്കുന്നത് അധികാരത്തില്‍ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് അനൂപ് വി.ആര്‍ തിങ്കളാഴ്ച ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

‘ഞങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാരുടെ വിദ്വേഷപ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു,’ എന്നും അനൂപ് വി.ആറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയെ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധിയായി ചര്‍ച്ചയ്ക്ക് നിയോഗിച്ചപ്പോള്‍ എന്‍.ഡി.എ ഘടകകക്ഷി നേതാവുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ല എന്ന നിലപാടായിരുന്നു എന്‍.എസ്.എസ് സ്വീകരിച്ചതെന്നും പോസ്റ്റില്‍ അനൂപ് വി.ആര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയെ രമേശ് ചെന്നിത്തല വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിറകെയായിരുന്നു അനൂപ് വി.ആറിന്റെ വിമര്‍ശനം.

എന്‍.ഡി.എയിലെ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവിനെ സമുദായ നേതാവായി കാണാന്‍ കഴിയില്ല എന്ന് മറ്റൊരു പോസ്റ്റില്‍ അനൂപ് വി.ആര്‍ അഭിപ്രായപ്പെട്ടു. തുഷാര്‍ സാമ്പത്തിക കുറ്റവാളി കൂടിയാണെന്നും പോസ്റ്റില്‍ പറയുന്നു.

‘തുഷാര്‍ വെള്ളാപ്പള്ളി സമുദായ നേതാവല്ലേ, അദ്ദേഹം മുഖ്യമന്ത്രിയെ അങ്ങോട്ട് പോയി കാണുന്നതില്‍ തെറ്റുണ്ടോ എന്ന് ചോദിക്കുന്ന ശുദ്ധമനസ്‌കരോട് ആണ്. എന്‍.ഡി.എയിലെ രണ്ടാമത്തെ ഘടകകക്ഷിയുടെ നേതാവിനെ സമുദായ നേതാവായി കാണാന്‍ കഴിയില്ലാ എന്ന് മാത്രമല്ലാ, തുഷാര്‍ സാമ്പത്തിക കുറ്റവാളി കൂടിയാണ്,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സാമ്പത്തിക തട്ടിപ്പിന് ഗള്‍ഫില്‍ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക താല്‍പര്യമെടുത്ത് കത്തെഴുതി മോചിപ്പിച്ച് നാട്ടിലെത്തിക്കുമ്പോള്‍, അന്ന് അതിനെ എതിര്‍ത്തത് അന്നത്തെ പ്രതിപക്ഷ നേതാവ് മുതല്‍ ഇതെഴുതുന്ന ഞാന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് പ്രവത്തകര്‍ ആണ്. അധികാരത്തിലെത്തി എന്ന് വിചാരിച്ച് അതൊക്കെ അങ്ങനെ മറക്കാന്‍ കഴിയുമോ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചത്. രമേശ് ചെന്നിത്തല വീട്ടിലെത്തുന്നതിന്റെയും സന്ദര്‍ശനനത്തിന്റെയും ഫോട്ടോകളും വീഡിയോയും തുഷാര്‍ വെള്ളാപ്പള്ളി തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ കൂടിക്കാഴ്ചകളില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Congress Leaders Critisise Meetings with Thushar Vellappally By VD Satheesan and Chennithala




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related