24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാതിരുന്ന സംഭവം; വിമര്‍ശങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി വി. മുരളീധരന്‍

Date:



Kerala


കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാതിരുന്ന സംഭവം; വിമര്‍ശങ്ങള്‍ക്കൊടുവില്‍ പ്രതികരണവുമായി വി. മുരളീധരന്‍

തിരുവനന്തപുരം: കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാതെ മേശപ്പുറത്ത് തട്ടിക്കൊടുത്ത സംഭവത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നതിന് പിറകെ വിശദീകരണവുമായി ബി.ജെ.പി എം.എല്‍.എ വി. മുരളീധരന്‍. സമൂഹ മാധ്യമങ്ങളിലടക്കം ഈ വിഷയത്തില്‍ ധാരാളം വിമര്‍ശനങ്ങളുയര്‍ന്നതിന് പിറകെയാണ് മുരളീധരന്‍ ഇപ്പോള്‍ വിശദീകരണം അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം കട്ടേലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ വി. മുരളീധരന്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്കായി എം.എല്‍.എ മിഠായി മേശപ്പുറത്ത് ഇട്ടുകൊടുക്കുകയും അവ എടുക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഉദ്ഘാടകയായ മന്ത്രി എ. തുളസി നോക്കി നില്‍ക്കവേയാണ് എം.എല്‍.എയുടെ ഈ നടപടി.
പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് കട്ടേലയിലേത്.

ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വി. മുരളീധരനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കട്ടേല സ്‌കൂളിലെ കുട്ടികളോടുള്ള വി. മുരളീധരന്‍ എം.എല്‍.എയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.ശിവന്‍കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

കുട്ടികളുടെ കയ്യില്‍ മിഠായി നല്‍കാന്‍ തയ്യാറാവാതിരുന്നതിന്റെ പേരാണ് അയിത്തമെന്ന്
എഴുത്തുകാരനും അധ്യാപകനുമായ ടി.എസ് ശ്യാംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. വീട്ടുപടിക്കല്‍ കുഴി കുത്തി ഇലയിട്ട് കഞ്ഞി വിളമ്പിയിരുന്ന പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദൃശ്യമെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ ഫേസ്ബുക്കിലാണ് മുരളീധരന്‍ ഈ വിഷയത്തില്‍ വിശദീകരണം അറിയിച്ചിരിക്കുന്നത്. സ്‌കൂളില്‍ മന്ത്രി എത്തുകയും ചടങ്ങ് തുടങ്ങാനാവുകയും ചെയ്തപ്പോള്‍ പെട്ടെന്ന് വിതരണം പൂര്‍ത്തിയാക്കാനാണ് മിഠായികള്‍ മേശപ്പുറത്ത് ഇട്ടു നല്‍കിയതെന്ന് വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്‌കൂളിലെ കുരുന്നുകള്‍ക്ക് മിഠായിയും വാങ്ങിയാണ് ഞാന്‍ പ്രവേശനോല്‍സവത്തിന് പോയത് എന്നത് വസ്തുതയാണ്. മറ്റാരും വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചതല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.

‘അവിടെ ചെന്നപ്പോള്‍ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും.കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോ. വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ മേശ തോറും ഒന്നിച്ച് നല്‍കി..!’ വി. മുരളീധരന്‍ കുറിച്ചു.

തനിക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ സി.പി.ഐ.എമ്മിനെയും പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയെയും മുന്‍ മന്ത്രി ശിവന്‍കുട്ടിയെയും മുരളീധരന്‍ കുറ്റപ്പെടുത്തി. ‘കുട്ടികള്‍ക്ക് മിഠായി തട്ടിക്കൊടുത്തു, എംഎല്‍എയ്ക്ക് അയിത്തം! ദേശാഭിമാനിയുടെ ക്യാപ്‌സൂള്‍ കൊള്ളാം!,’ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ വി. മുരളീധരന്‍ കുറിച്ചിട്ടുണ്ട്.

ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാന്‍ ശ്രമിച്ചതെന്നും മുരളീധരന്‍ പറയുന്നു. എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കുഞ്ഞുങ്ങളില്‍പ്പോലും കുത്തി നിറയ്ക്കാന്‍ ശ്രമിച്ചത് എന്ന് നോക്കൂ എന്നും എം.എല്‍.എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘നിയമസഭ തല്ലിത്തകര്‍ത്ത ശിവന്‍കുട്ടി അപ്പൂപ്പനില്‍ നിന്ന് ‘സംസ്‌ക്കാരം’ പഠിക്കേണ്ട ഗതികേട് തല്‍ക്കാലം,’ എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകളോട് വി. മുരളീധരന്‍ എം.എല്‍.എ കാണിച്ച അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്ന് വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

‘പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സില്‍ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. കുട്ടികളെ ഇത്തരത്തില്‍ അവേഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു,’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വി. ശിവന്‍കുട്ടി കുറിച്ചിരുന്നു.

ഏറ്റവും ഗൗരവകരമായ കാര്യം സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവര്‍ തയ്യാറായില്ല എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: V Muraleedharan Response On Kattela Model School Controversy




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related