30
June, 2026

A News 365Times Venture

30
Tuesday
June, 2026

A News 365Times Venture

ഹോര്‍മുസിലെ മൈനുകള്‍ മാറ്റാന്‍ അവകാശം ഇറാന് മാത്രം- ഫ്രാന്‍സിന്റെ പ്രഖ്യാപനത്തിനെതിരെ ഇറാന്‍ മന്ത്രി

Date:

ഹോര്‍മുസിലെ മൈനുകള്‍ മാറ്റാന്‍ അവകാശം ഇറാന് മാത്രം: ഫ്രാന്‍സിന്റെ പ്രഖ്യാപനത്തിനെതിരെ ഇറാന്‍ മന്ത്രി

ടെഹ്‌റാന്‍: യു.എസുമായുള്ള ധാരണാപത്രം പ്രകാരം ഇറാന് മാത്രമാണ് ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ എടുത്തുമാറ്റാന്‍ അവകാശമുള്ളൂവെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസെം ഘാരിബാബാദി. ഹോര്‍മുസിലെ മൈനുകള്‍ നീക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചതായുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇറാന്‍ മന്ത്രിയുടെ പ്രതികരണം.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികകള്‍ ശാന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഫ്രാന്‍സെന്നും ഹോര്‍മുസിലൂടെ കപ്പലുകള്‍ക്ക് ഉപാധികളില്ലാതെ സഞ്ചരിക്കാനായി സഖ്യ കക്ഷികളുമായി ചേര്‍ന്ന് മൈനുകള്‍ നീക്കം ചെയ്യാന്‍ ഫ്രാന്‍സ് തീരുമാനിച്ചെന്നുമായിരുന്നു മാക്രോണ്‍ പറഞ്ഞത്. എന്നാല്‍ ഇറാന് മാത്രമാണ് മൈനുകള്‍ നീക്കം ചെയ്യാനുള്ള ചുമതലയെന്നും ഈ കാര്യത്തില്‍ ഫ്രാന്‍സ് പ്രകോപനങ്ങളുണ്ടാക്കി സ്ഥിതിഗതികള്‍ വഷളാക്കരുതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇറാന്‍-യു.എസ് ധാരണാപത്രത്തില്‍ പറയുന്നത് ഇറാന്‍ മാത്രമാണ് മൈനുകള്‍ നീക്കം ചെയ്യേണ്ടതെന്നാണെന്ന് ഘാരിബാബാദി പറഞ്ഞു. മറ്റൊരു രാജ്യവും ഇത് ചെയ്യേണ്ടെന്നും ധാരണാപത്രത്തിലുള്ളതായി ഇറാന്‍ മന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഫ്രാന്‍സ് പറയുന്നത് പോലുള്ള ഇടപെടല്‍ നടത്താന്‍ തങ്ങള്‍ ആരെയും അനുവദിക്കില്ല. ഹോര്‍മുസിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും ഘാരിബാബാദി വ്യക്തമാക്കി.

ഹോര്‍മുസിലെ മൈനുകള്‍ നീക്കം ചെയ്യുന്നതില്‍ വിദേശ ഇടപെടല്‍ ഇറാന്‍ അനുവദിക്കില്ല. പ്രകോപനങ്ങള്‍ നടത്തി ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കരുതെന്ന് ഫ്രാന്‍സിനോട് തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ഇറാനെ ആക്രമിച്ചതിന് പിന്നാലെയായിരുന്നു മൈനുകള്‍ സ്ഥാപിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടഞ്ഞത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം 17ന് ഇറാനും യു.എസും ഒപ്പുവച്ച ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ഹോര്‍മുസിലെ തടസ്സങ്ങള്‍ ഇറാന്‍ നീക്കണം എന്നതായിരുന്നു.

ഹോര്‍മുസിലെ ഗതാഗതം 30 ദിവസത്തിനുള്ളില്‍ പഴയ നിലയിലാക്കണമെന്നും ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ധാരണാ പത്രത്തില്‍ ഒപ്പുവച്ച ശേഷം ഇറാന്‍ ഹോര്‍മുസിലെ തടസ്സങ്ങള്‍ ഭാഗികമായി നീക്കിയതിനെ തുടര്‍ന്ന് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിച്ചിരുന്നു.

അതേസമയം ഇറാന്‍ തങ്ങളോട് കൂടിക്കാഴ്ചയ്ക്കായി അഭ്യര്‍ത്ഥിച്ചെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന തെറ്റാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാന്‍ തങ്ങളോട് കൂടിക്കാഴ്ചയ്ക്കായി അഭ്യര്‍ത്ഥിച്ചെന്നും അത് പ്രകാരമുള്ള കൂടിക്കാഴ്ച ഇന്ന് ഖത്തറില്‍ നടക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരണമറിയിക്കുകയായിരുന്നു.

യു.എസുമായി ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്കായി തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താനയില്‍ പറഞ്ഞു. എന്നാല്‍ മരവിപ്പിച്ച ഇറാന്‍ ഫണ്ടുകളുടെ കാര്യത്തിലെ പുരോഗതി പരിശോധിക്കാനായി ഒരു പ്രതിനിധി സംഘത്തെ ദോഹയിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Only Iran can demine Hormuz Strait under MoU with US: Deputy FM

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related