India
രാമക്ഷേത്ര തട്ടിപ്പ് പ്രതികള്‍ ‘രാമ രാജ്യ പ്രശാസന്‍’ എന്ന സംഘടന സ്ഥാപിച്ചിരുന്നു; ‘രാം രാജ്യ കോശ്’ ക്യു.ആര്‍ കോഡ് ബോക്‌സുകളും സ്ഥാപിച്ചു
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എട്ട് പേരും ‘രാമ രാജ്യ പ്രശാസന്‍’ (രാമ രാജ്യ സര്‍ക്കാര്‍) എന്ന സംഘടന രൂപീകരിച്ചിരുന്നതായി ദ ടെലിഗ്രാഫ് പത്രത്തിന്റെ റിപ്പോര്‍ട്ട്. രാമ രാജ്യ പ്രശാസന്റെ പേരില്‍ അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ സംഭാവന പിരിക്കാനായി സ്റ്റീല്‍ ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നതായും ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘രാം രാജ്യ കോശ്’ എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുള്ള സ്റ്റീല്‍ ബോക്‌സുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ ഓണ്‍ലൈനായി പേയ്‌മെന്റ് നടത്താനുള്ള ക്യൂ.ആര്‍ കോഡുകളുമുള്ളതായും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ രാമരാജ്യ കോശ് എന്നെഴുതിയ സ്റ്റീല്‍ ബോക്‌സ് കണ്ടെത്തിയതായി ഇന്നലെ പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിയായ അവിനാഷ് ശുക്ലയുടെ താമസ സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം എസ്.ഐ.ടി പരിശോധന നടത്തിയപ്പോഴായിരുന്നു ബോക്‌സ് കണ്ടെത്തിയത്. അയോധ്യ നഗരത്തില്‍ സ്ഥാപിച്ച മറ്റ് ബോക്‌സുകളുടേത് സമാനമാണ് ശുക്ലയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ബോക്‌സും.
കേസില്‍ 15 ദിവസം കൂടി അന്വേഷണം നടത്താന്‍ എസ്.ഐ.ടിക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അവിനാശ് ശുക്ല അടക്കമുള്ള പ്രതികളുടെ താമസ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയത്. ആരാണ് രാമരാജ്യ കോശ് എന്നെഴുതിയ ബോക്‌സുകള്‍ തയ്യാറാക്കിയതെന്നും എത്രകാലമായി ഇവ പ്രവര്‍ത്തിക്കുന്നുവെന്നും എസ്.ഐ.ടി അന്വേഷണം നടത്തും.
ജൂണ്‍ 25ന് കേസിലെ പ്രതികള്‍ അറസ്റ്റിലായ ശേഷം രാമരാജ്യ കോശ് ബോക്‌സുകള്‍ പലതും അയോധ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അജ്ഞാതര്‍ നീക്കം ചെയ്തതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. അവിനാശ് ശുക്ല താമസിച്ചിരുന്ന ശ്യാം സാധനാലയ യോഗ കേന്ദ്ര എന്ന സ്ഥാപനത്തിലായിരുന്നു അവശേഷിക്കുന്ന ബോക്‌സുകളിലൊന്ന് ബാക്കിയുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവിനാശ് തങ്ങളുടെ സ്ഥാപനത്തില്‍ വാടകയ്ക്ക് മുറിയെടുത്തതായിരുന്നെന്നും ജൂണ്‍ മാസത്തിലെ ആദ്യ വാരത്തിലാണ് ബോക്‌സ് സ്ഥാപിച്ചതെന്നും യോഗ കേന്ദ്രത്തിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. രാമക്ഷേത്ര തട്ടിപ്പില്‍ ശുക്ലയ്ക്കുള്ള ബന്ധം മനസ്സിലായതോടെ ജൂണ്‍ ആറിന് അയാളോട് ഇവിടം വിട്ടുപോകാന്‍ ആവശ്യപ്പെട്ടെന്നും ജീവനക്കാരന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
എന്നാല്‍ യോഗ സെന്ററിലെ രജിസ്റ്ററില്‍ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളിലൊരാളാണ് അവിനാശ് ശുക്ലയെന്ന് രേഖപ്പെടുത്തിയതായി ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കേസ് സി.ബി.ഐക്കോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിക്കോ കൈമാറുന്ന കാര്യം യു.പി സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ മോഷ്ടിച്ച പണം മാത്രമാണ് എസ്.ഐ.ടിയുടെ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ നിലവില്‍ എട്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ മാത്രം പ്രതികളാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും.
തട്ടിപ്പില്‍ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായും ട്രസ്റ്റിയായിരുന്ന അനില്‍ മിശ്രയും അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആരോപണ വിധേയരായ റായും മിശ്രയും കഴിഞ്ഞ വെള്ളിയാഴ്ച രാജി അവരുടെ സ്ഥാനങ്ങള്‍ രാജി വെക്കുകയും ചെയ്തിരുന്നു. ചമ്പത്ത് റായുടെ സഹായിയാണ് തട്ടിപ്പില്‍ അറസ്റ്റിലായ രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്. ടിന്നു യാദവ് അടക്കമുള്ളവരുടെ അറസ്റ്റിന് പിന്നാലെയായിരുന്നു ചമ്പത്ത് റായുടെ രാജി.
കേസിലെ എഫ്.ഐ.ആറിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു. എഫ്.ഐ.ആറില്‍ ചമ്പത്ത് റായ് അടക്കമുള്ള ഉന്നതരെ പൊലീസ് ഒഴിവാക്കിയെന്നും ഇവരെ ഭരണ കക്ഷിയായ ബി.ജെ.പി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
Content Highlight: Ayodhya Ram Temple Case probe: Media Reports suggest accused founded an organisation Ram Rajya Prashasan. Boxes of Ram Rajya Kosh founded in search




