2
July, 2026

A News 365Times Venture

2
Thursday
July, 2026

A News 365Times Venture

വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി സി.പി.ഐ.എം, സി.പി.ഐ നേതാക്കള്‍

Date:

വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി സി.പി.ഐ.എം, സി.പി.ഐ നേതാക്കള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി സി.പി.ഐ.എം, സി.പി.ഐ സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഷണ്‍മുഖം, സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപ്പന്‍ എന്നിവരാണ് ഇന്നലെ സെക്രട്ടറിയേറ്റിലെത്തി വിജയ്‌യെ സന്ദര്‍ശിച്ചത്.

ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന യോഗത്തില്‍ ഇരു പാര്‍ട്ടികളും നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചതായി എം. വീരപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.

തൊഴിലാളിക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി എം. വീരപ്പന്‍ ഇന്നലെ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് വിജയ്‌യോട് ആവശ്യപ്പെട്ടതായി പി. ഷണ്‍മുഖനും അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ കോഡിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ സംസാരിച്ചു. ലേബര്‍ കോഡുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതിന് മുമ്പായി തൊഴിലാളി യൂണിയനുകളുടെ യോഗം വിളിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച ടി.വി.കെയോട് സൗഹാര്‍ദപരമായ സമീപനമുള്ള പാര്‍ട്ടികളുടെ യോഗം വിജയ് വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സി.പി.ഐ.എമ്മും സി.പി.ഐയും പങ്കെടുത്തിരുന്നില്ല. ഇതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ഇരു പാര്‍ട്ടികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

സഖ്യകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇടത് പാര്‍ട്ടികള്‍ പുറത്ത് നിന്ന് പിന്തുണ നല്‍കിയിട്ടാണല്ലോ ടി.വി.കെ സര്‍ക്കാര്‍ രൂപീകരിച്ചത്,’ എന്ന് എം. വീരപ്പന്‍ മറുപടി പറഞ്ഞു. ‘യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും സര്‍ക്കാരിനുള്ള പിന്തുണ തുടരും,’ എന്നും വീരപ്പന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ടി.വി.കെ സര്‍ക്കാര്‍ അവതരിപ്പിച്ച ‘സിംഗപ്പെണ്ണ് സ്‌പെഷ്യല്‍ ഫോഴ്‌സ്’ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി അഭിപ്രായപ്പെട്ട ഇടത് പാര്‍ട്ടികള്‍ ഇത്തരം കേസുകള്‍ പരിഗണിക്കാനായി പൊലീസിന് പ്രത്യേക ബോധവല്‍ക്കരണവും പരിശീലനവും നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട മേഡക്കെട്ട് റിസര്‍വോയര്‍ പ്രശ്‌നത്തില്‍ കര്‍ഷകരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചേര്‍ത്ത് സമവായമുണ്ടാക്കണമെന്നും ഇടത് പാര്‍ട്ടികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി എം. വീരപ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിനോട് ഏത് സമയവും തങ്ങളുടെ ആവശ്യങ്ങളുന്നയിക്കാമെന്നും വിജയ് പറഞ്ഞതായി അദ്ദേഹം അറിയിച്ചു.

Content Highlight: Tamil Nadu CPIM, CPI Leaders Met CM Vijay




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related