ശ്വേത മേനോന്‍ മോദി ഭക്തയാണ്; എന്നാല്‍ ബി.ജെ.പിക്കാരിയല്ലെന്ന് എസ്. സുരേഷ്
തിരുവനന്തപുരം: ശ്വേത മേനോന്‍ എ.എം.എം.എ പ്രസിഡന്റായത് ബി.ജെ.പിയുടെ പ്രതിനിധി ആയിട്ടാണെന്ന വാദം നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ശ്വേതമേനോന്‍ ദേശീയവാദിയും നരേന്ദ്ര മോദിയുടെ ഭക്തയും ആണെന്നും എന്നാല്‍ ബി.ജെ.പിക്കാരിയല്ലെന്നും സുരേഷ് അഭിപ്രായപ്പെട്ടു.
നടി ശ്വേതമേനോന്‍ ദേശീയവാദിയാണെന്ന് എനിക്കറിയാം. നരേന്ദ്രമോദിയുടെ ഭക്തയാണെന്ന് എനിക്കറിയാം. ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവര്‍ ബി.ജെ.പി അംഗമല്ല. ബി.ജെ.പിക്കാരിയല്ല. സിനിമ മേഖലയില്‍ ബിജെപി ഇടപെടുന്നുവെന്നത് ശരിയല്ലെന്നും എസ്.സുരേഷ് പറഞ്ഞു. ‘ശ്വേത മേനോന്‍ അമ്മയുടെ പ്രസിഡണ്ടായത് ബി.ജെ.പിയുടെ പ്രതിനിധി ആയിട്ടല്ല,’ എന്നും സുരേഷ് പറഞ്ഞു.
സിനിമ, സാംസ്‌കാരിക മേഖലയിലുള്ളവര്‍ ബിജെപിക്കൊപ്പം കൂടിയത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തോടുള്ള താല്‍പര്യംകൊണ്ടണ്. ‘സിനിമയില്‍ നിന്നിരുന്നെങ്കില്‍ സുരേഷ് ഗോപിക്ക് കോടികള്‍ കിട്ടിയേനെ. പക്ഷേ ദേശീയതയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ബി.ജെ.പിയില്‍ വന്നത്,’ എന്നും എസ്.സുരേഷ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സിനിമാ രംഗത്തെ വിവാദങ്ങളിലേക്ക് ബി.ജെ.പിയെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് പറഞ്ഞ സുരേഷ് അതില്‍ നിന്ന് പിന്മാറാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. സിനിമയില്‍ ഇടനിലക്കാരെ വെക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ലെന്നും സുരേഷ് അവകാശപ്പെട്ടു.
അന്‍സിബ ഹസന്‍, മാലാ പാര്‍വതി, ഉഷ ഹസീന, മായ വിശ്വനാഥ് തുടങ്ങിയ നടിമാര്‍ കഴിഞ്ഞ ദിവസം ശ്വേതക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അദാനിയില്‍ നിന്നും പതിനഞ്ച് കോടിയുടെ ഫണ്ട് ശ്വേതയുടെ ഉറപ്പില്‍ കൊടുത്തുവെന്ന് ബി.ജെ.പി നേതാവായ പത്മജ പറയുന്ന വീഡിയോ അടക്കം മാലപാര്‍വതി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്. സുരേഷിന്റെ പ്രതികരണം.
തങ്ങളുടെ അറിവില്‍ ഇത് പറയുന്ന വ്യക്തി അമ്മയിലെ അംഗമല്ലെന്നും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പണം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പത്മജയുടെ വീഡിയോയെ കുറിച്ച് മാലാ പാര്‍വതി പറഞ്ഞിരുന്നു. കഴിഞ്ഞ 32 വര്‍ഷമായി നടക്കാത്ത പല കാര്യങ്ങളുമാണ് ഇപ്പോള്‍ അമ്മയില്‍ നടക്കുന്നതെന്നാണ് ഞങ്ങള്‍ സംശയിക്കുന്നതെന്നും അതിന് ആധാരമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
‘ഒരു പ്രത്യേക പാര്‍ട്ടിയില്‍നിന്ന് രണ്ടു കോടി രൂപ വാങ്ങിയില്ലേ എന്ന ബാബുരാജിന്റെ ആരോപണം ജനറല്‍ ബോഡി ഗൗരവമായി എടുത്തിരുന്നില്ല. ലക്ഷ്മിപ്രിയ പിറ്റേ ദിവസം പറയുമ്പോഴാണ് ഇത്രയും ഗൗരവമുണ്ടായിരുന്നോ എന്ന് ഞങ്ങള്‍ ആലോചിക്കുന്നത്. ആരോപണത്തിന് മറുപടി പറയാതെ അവര്‍ അവിടെനിന്ന് ഇറങ്ങിയോടി. എന്തിനാണ് ഇറങ്ങിയോടിയതെന്ന് അറിയില്ല,’ എന്നും മാലാ പാര്‍വതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Content highlight: S Suresh of BJP Respond on Allegation of BJP involvement in Appointing Swetha Menon in AMMA position




