6
July, 2026

A News 365Times Venture

6
Monday
July, 2026

A News 365Times Venture

കോറോ ഹെല്‍ത്ത്- മന്ത്രിതല ചര്‍ച്ച 10ന്; പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് സി.ഐ.ടി.യു

Date:



Kerala


കോറോ ഹെല്‍ത്ത്: മന്ത്രിതല ചര്‍ച്ച 10ന്; പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് സി.ഐ.ടി.യു

കൊച്ചി: കോറോ ഹെല്‍ത്തിന്റെ കേരളത്തിലെ ഓഫീസുകളില്‍ നിന്ന് 800 ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട സംഭവത്തില്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായി ഈ മാസം 10ന് ചര്‍ച്ച നടത്തും. എറണാകുളത്ത് വെച്ചാവും ചര്‍ച്ചയെന്ന് തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

ചൊവ്വാഴ്ച ഈ വിഷയത്തില്‍ ഉദ്യോഗസ്ഥ തല ചര്‍ച്ച നടക്കും. തൊഴില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ കമ്പനിയുമായി ചര്‍ച്ച നടത്തും. തൊഴില്‍ ചൂഷണം അടക്കമുള്ള കാര്യങ്ങള്‍ വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍കേന്ദ്രത്തിന്റെ ഇടപെടല്‍ വേണമെങ്കില്‍ അതിനും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൂട്ട പിരിച്ചുവിടലില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ തല ചര്‍ച്ച നടക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് കോറോ ഹെല്‍ത്തില്‍ നിന്നുള്ള പ്രതികരണമെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതില്‍ സ്ഥാപനം വിശദീകരണം ഒന്നും നല്‍കിയിരുന്നില്ല. കേന്ദ്ര ലേബര്‍ കോഡിലെ വ്യവസ്ഥകള്‍ പ്രകാരം ഈ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് കമ്പനി മുന്നോട്ടുവെക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. പിരിച്ചുവിടാനുള്ള തീരുമാനം മരവിപ്പിക്കാമെന്ന് ചര്‍ച്ചയില്‍ കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാക്ക് പാലിക്കാതെ പിരിച്ചുവിടല്‍ തീരുമാനവുമായി സ്ഥാപനം മുന്നോട്ട് പോയെന്ന് ജീവനക്കാര്‍ അറിയിച്ചിരുന്നു.

മൂന്ന് മാസത്തെ ശമ്പളം അക്കൗണ്ടിലേക്ക് മുന്‍കൂറായി അയക്കുമെന്ന് പിരിച്ചുവിടുന്ന സമയത്ത് ജീവനക്കാരോട് കമ്പനി പറഞ്ഞിരുന്നു. പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കാമെന്ന് കമ്പനി അവകാശപ്പെട്ടതിന് ശേഷം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഈ തുക ക്രെഡിറ്റായതായി ജീവനക്കാര്‍ അറിയിച്ചു.

തങ്ങള്‍ക്ക് കമ്പനിയുടെ നഷ്ടപരിഹാരമല്ല തൊഴില്‍ സ്ഥിരതയാണ് വേണ്ടതെന്നും കോറോ ഹെല്‍ത്ത് ജീവനക്കാര്‍ പറഞ്ഞു. ഈ ജോലി നഷ്ടപ്പെട്ടാല്‍ വീണ്ടും തൊഴില്‍ ലഭിക്കാന്‍ പ്രയാസമാണ്. നിലവിലെ എക്‌സ്പീരിയന്‍സ് വെച്ച് മറ്റ് സ്ഥാപനത്തില്‍ കയറാന്‍ പറ്റില്ല. വീണ്ടും ഫ്രഷര്‍ ആയി കയറേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോറോ ഹെല്‍ത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരെയുമാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. കൊച്ചിയില്‍ അഞ്ഞൂറും കോഴിക്കോട്ട് മുന്നൂറും ജീവനക്കാരാണ് കോറോ ഹെല്‍ത്തില്‍ തൊഴിലെടുക്കുന്നത്. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, നോയിഡ എന്നീ നഗരങ്ങളിലും കമ്പനിക്ക് ഇന്ത്യയില്‍ ഓഫീസുകളുണ്ട്.

കേന്ദ്ര തൊഴില്‍ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍ നടപടിയെന്നാണ് വിവരം. കമ്പനിക്ക് ലാഭമില്ലെന്നതടക്കമുള്ള വാദങ്ങളും കോറോ ഹെല്‍ത്ത് ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്പനി നഷ്ടത്തിലാണെന്ന വാദം ജീവനക്കാര്‍ തള്ളി. കോറോ ഹെല്‍ത്തിന്റെ മറ്റ് ഓഫീസുകളില്‍ ആരെയും പിരിച്ച് വിട്ടിട്ടില്ല. ഹൈദരാബാദ്, നോയിഡ ഓഫീസുകളില്‍ പുതിയ ജീവനക്കാരെ കോറോ ഹെല്‍ത്ത് നിയമിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.

അതേസമയം, നിയമപരമായ നടപടികകള്‍ പാലിക്കാതെയാണ് കോറോ ഹെല്‍ത്തിന്റെ പിരിച്ചുവിടലെന്ന് മുന്‍ തൊഴില്‍ മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ വി. ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രത്തിന്റെ ലേബര്‍ കോഡിന്റെ മറവില്‍ 800 തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. ലേബര്‍ കോഡ് വഴി തൊഴില്‍ സുരക്ഷ കേന്ദ്രം അട്ടിമറിച്ചു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ കോറോ ഹെല്‍ത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച തൊഴിലാളികളെ പിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്‌മെന്റ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.  സംസ്ഥാനത്ത് വ്യാപകമായി കോഴിക്കോടും എറണാകുളത്തും ഐ.ടി, ഐ.ടി അനുബന്ധ സ്ഥാപനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സി.ഐ.ടി.യു അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം ലേബര്‍ കോടതികളില്‍ ഉന്നയിക്കാനും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും സി.ഐ.ടി.യു ഇപെടുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ കമ്പനി കബളിപ്പിച്ചു. ലേബര്‍ കോഡിന്റെ കാര്യത്തില്‍ തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകളെ ചോദ്യം ചെയ്ത് കേരളം നിയമ നിര്‍മാണം നടത്തണമെന്നാണ് ഈ വിഷയത്തില്‍ ലഭിച്ച ഉപദേശമെന്നും അദ്ദേഹം പറഞ്ഞു.

കോറോ ഹെല്‍ത്ത് വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് സി.പി.ഐ.എം എം.പി എ.എ റഹീം ആവശ്യപ്പെട്ടു. ഏത് നിയമം പ്രകാരമമാണെങ്കിലും 300ല്‍ അധികം ജീവനക്കാരെ പിരിച്ച് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി വേണം. ഈ വിഷയത്തില്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന് റോളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ വര്‍ക്ക് ലൈഫ് ബാലന്‍സ് ഉറപ്പാക്കണമെന്നും റഹീം പറഞ്ഞു.

Content Highlight: Coro Health Mass layoffs at Kochi and Kozhikode ; Meeting With Minister  and company on July 10th : CITU approach Labor court




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.എസുമായി ഇറാന്‍ സമാധാനത്തിലല്ല; ധാരണാപത്രം നടപ്പാക്കുന്നത് പ്രയാസമെങ്കിലും അസാധ്യമല്ലെന്ന് ഖാലിഭാഫ്

ടെഹ്‌റാന്‍: ഇറാന്‍-യു.എസ് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് പ്രയാസകരമാണെങ്കിലും അസാധ്യമല്ലെന്ന് ഇറാന്‍...