Kerala News
സഹപാഠികള്‍ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതിയില്‍ ക്രൂരമര്‍ദനം; പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി
പത്തനംതിട്ട: സഹപാഠികള്‍ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതിയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത് തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി.
പത്തനംതിട്ട കൂടല്‍ എസ്.ഐ ജയമോഹനും സംഘത്തിനുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് 20കാരനായ യുവാവ് രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
സിവില്‍ വേഷത്തിലെത്തിയ പൊലീസ് സംഘം തന്നെ വീട്ടില്‍ നിന്ന് ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റി കൊണ്ടുപോവുകയും നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെയ്ക്കുകയുമായിരുന്നു എന്ന് യുവാവ് പരാതിയില്‍ പറയുന്നു.
‘ഞാന്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും പൊലീസ് കേള്‍ക്കാന്‍ തയ്യാറായില്ല. ലാത്തി ഉപയോഗിച്ച് കാല്‍വെള്ളയില്‍ അടിക്കുകയും ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടി മെതിക്കുകയും ചെയ്തു. ചെവിയില്‍ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുയര്‍ത്തിയതിനെ തുടര്‍ന്ന് ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്,’ യുവാവ് പരാതിയില്‍ വ്യക്തമാക്കി.
ജൂലൈ നാലിന് വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചത്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തന്റെ സഹപാഠിയോട് തോന്നിയ പ്രണയം നിരസിക്കപ്പെട്ടതിലുള്ള നിരാശയിലാണ് ഇത്തരമൊരു വ്യാജ പരാതി നല്‍കിയതെന്ന് പിന്നീട് മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് സഹപാഠികളെയും രണ്ട് മുതിര്‍ന്നവരെയുമാണ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
ഇതിനിടയില്‍ യുവാവിന്റെ സഹോദരനെയാണ് പൊലീസ് ആദ്യം ജിമ്മില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട്, അനുജനാണെന്ന് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനായ 20കാരനെ പൊലീസ് വീട്ടിലെത്തി പിടികൂടിയത്.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെയും ക്രൂരതയ്‌ക്കെതിരെയും നാട്ടില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്ന് അറിയിച്ചു.
തന്നെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെയും, തനിക്കെതിരെ വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെയും കര്‍ശന നിയമനടപടി വേണമെന്നാണ് യുവാവിന്റെ ആവശ്യം.
Content Highlight: Brutal assault following a 13-year-old girl’s false complaint of harassment by classmates; complaint lodged with the Home Minister against the police.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




