Kerala
സര്‍ക്കാര്‍ എത്ര ചെലവാക്കിയെന്നത് അപ്രസക്തം; വിഴിഞ്ഞം വിഷയത്തിലുള്ളത് മറ്റ് രണ്ട് പ്രശ്‌നങ്ങളെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി- എം.എസ്.സി ഓഹരി കൈമാറ്റത്തില്‍ രണ്ട് പ്രശ്‌നങ്ങളാണ് പ്രതിപക്ഷത്തിന് ഉന്നയിക്കാനുള്ളതെന്ന് മുന്‍ ധനമന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എത്ര ചെലവാക്കിയെന്നത് സംബന്ധിച്ച തര്‍ക്കം അപ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടാക്കിയ കരാര്‍ പ്രകാരം അന്ന് ചെലവാക്കിയതിന്റെ 10 മടങ്ങാണ് അദാനിക്ക് ഇന്ന് ഓഹരി മൂല്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം വിവാദത്തിന്റെ ഇപ്പോഴത്തെ മാധ്യമ തര്‍ക്കം കേരള സര്‍ക്കാര്‍ ഇതുവരെ എന്ത് ചെലവഴിച്ചു എന്നുള്ളതായി മാറിയിരിക്കുന്നു. ഇത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗം മാത്രമാണെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പി.പി.പി ധാരണ പ്രകാരം വിഴിഞ്ഞം പദ്ധതിയില്‍ ആകെ 5454 കോടി രൂപ കേരളത്തിന് ചെലവാക്കേണ്ടി വന്നു. അദാനിക്ക് ചെലവഴിക്കാന്‍ ബാധ്യതയുണ്ടായിരുന്ന തുക 2598 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ കമ്പനിയായ അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി അദാനി 13,000 കോടി രൂപയ്ക്ക് എം.എസ്.സി കമ്പനിക്ക് കൈമാറിയിരിക്കുകയാണെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
എ.വി.പി.പി.എല്‍ – എം.എസ്.സി ഓഹരി കൈമാറ്റത്തിന് കേരള സര്‍ക്കാരിന്റെ അനുവാദം വേണം. ആ അനുവാദം വാങ്ങാതെയാണ് ഓഹരി കൈമാറ്റ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുവാദത്തോടെയാണോ എന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ഒന്നാമത്തെ പ്രശ്‌നമെന്ന് തോമസ് ഐസക് പറഞ്ഞു. വി.ഡി സതീശന്റെ മംഗലാപുരത്തെ സ്വകാര്യസന്ദര്‍ശനവേളയില്‍ ഇത് ചര്‍ച്ച ചെയ്തിരുന്നോയെന്നും തോമസ് ഐസക്ക് ചോദിച്ചു.
വിഴിഞ്ഞം പദ്ധതിയില്‍ അദാനിയുടെ കമ്പനിക്ക് ഓഹരി മൂല്യം 10 മടങ്ങ് വര്‍ധിക്കുമമ്പോഴും പദ്ധതിയില്‍ 70 ശതമാനം ചെലവ് വഹിക്കേണ്ടി വരുന്ന കേരളത്തിന് ഷെയര്‍ മൂല്യ വര്‍ധനയുടെ ഒരു പങ്കും ലഭിക്കുന്നില്ല എന്നതാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന രണ്ടാമത്തെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കീഴില്‍ ഉണ്ടാക്കിയ കരാറിന്റെ കൊള്ളയുടെ വലുപ്പം ഈ ഓഹരി കൈമാറ്റം വെളിപ്പെടുത്തുന്നുവെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2598 കോടി രൂപ മുതല്‍മുടക്കുന്ന അദാനിയുടെ കമ്പനിയുടെ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏതാണ്ട് 25000 കോടി രൂപയാണ്. 30 വര്‍ഷത്തേക്ക് തുറമുഖ നടത്തിപ്പിന്റെ ലാഭം മാത്രമല്ല, ഇതുപോലെ ഉണ്ടാകുന്ന ഷെയര്‍ മൂല്യവര്‍ദ്ധനയുടെ നേട്ടത്തില്‍ ഒരുപങ്കും കേരളത്തിന് ഇല്ല. എന്നാല്‍ കേരളം 70 ശതമാനം ചെലവ് വഹിക്കുകയും വേണം. ഇതിനെയാണ് കടല്‍ക്കൊള്ളയെന്ന് ഞങ്ങള്‍ വിശേഷിപ്പിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
‘പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നത് പി.പി.പി ധാരണ പ്രകാരം കേരള സര്‍ക്കാരും അദാനിയും ഒന്നാംഘട്ടത്തില്‍ ചെലവഴിക്കേണ്ട തുകയെക്കുറിച്ചാണ്. ഇതു സംബന്ധിച്ച് ഒരു അവ്യക്തതയും ഉണ്ടാകേണ്ടതില്ല.
ഇതുപ്രകാരം കേരള സര്‍ക്കാരിന്റെ കമ്പനിയായ വി.ഐ.എസ്.എല്‍ 5454 കോടി രൂപയുടെ പ്രവൃത്തികള്‍ ചെയ്യണം. അദാനി ഗ്രൂപ്പിന്റെ കമ്പനിയായ എ.വി.പി.പി.എല്‍ ഉപകരണങ്ങള്‍ക്കും മറ്റുമായി 2598 കോടി രൂപ ചെലവാക്കണം. കേന്ദ്ര സര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംങിന് 818 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വായ്പയായി സ്വീകരിച്ച് അദാനിക്ക് നല്‍കും. അങ്ങനെ ആകെ 8867 കോടി രൂപയാണ് പദ്ധതിക്ക് ആദ്യ ഘട്ടത്തില്‍ ചെലവായതെന്നും ഐസക് പറഞ്ഞു.
ഇതുവരെ കേരള സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ള തുക 3,764 കോടി രൂപയാണ്. ബാക്കി ചെലവ് വരുന്ന മുറയ്ക്ക് മുതല്‍മുടക്കും. അതില്‍ എന്താ ഇത്ര വിവാദമുള്ളതെന്നും തോമസ് ഐസക് ചോദിച്ചു.
‘ഇതിനു പുറമേ വി.ഐ.എസ്.എല്‍ ആണ് 10.7 കിലോമീറ്റര്‍ ഭൂഗര്‍ഭ റെയില്‍പ്പാത, 220 കെവി സബ് സ്റ്റേഷന്‍, കുടിവെള്ള പദ്ധതി എന്നിവയുടെ നിര്‍മ്മാണത്തിനും ലോജിസ്റ്റിക് പാര്‍ക്കിനും മറ്റും വേണ്ടുന്ന ഭൂമിയുടെയും പണം ചെലവാക്കുന്നത്.
നബാര്‍ഡില്‍ നിന്ന് എടുത്തിരിക്കുന്ന 2,100 കോടി രൂപയുടെ വായ്പയ്ക്കു പുറമേ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഗ്രാന്റായി 1,200 കോടി രൂപയും വി.ഐ.എസ്.എല്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട്.
വിഴിഞ്ഞത്തു നിന്നുള്ള വ്യവസായ ഇടനാഴിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേയാണ് കോവളത്തു നിന്നുള്ള ജലപാതയ്ക്ക് കിഫ്ബി പണം മുടക്കുന്നത്,’ തോമസ് ഐസക് പറയുന്നു.
എം.എസ്.സി മുതല്‍മുടക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല. കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. മറ്റുള്ള ഇടപാടുകാര്‍ക്ക് എതിരെ വിവേചനങ്ങള്‍ പാടില്ലായെന്ന് ഉറപ്പുവേണമെന്നും തോമസ് ഐസക് പറഞ്ഞു. ഇത്ര ഭീമമായ ലാഭമുണ്ടാക്കുന്ന തുറമുഖത്തുനിന്നും പ്രത്യക്ഷ വരുമാനം കിട്ടാന്‍ 30 വര്‍ഷം കേരളം കാത്തിരിക്കേണ്ടിവരുന്ന വികസന മോഡല്‍ അല്ല നമുക്ക് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകാതിരിക്കാനായിരുന്നു ഈ കരാറില്‍ നിന്ന് കഴിഞ്ഞ പത്ത് വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറാതിരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
‘അപ്പോള്‍, ഒരു ചോദ്യം ഞങ്ങള്‍ക്കുനേരെ ഉയരാം. പത്ത് വര്‍ഷത്തിനിടിയില്‍ നിങ്ങള്‍ എന്തുകൊണ്ട് അത് മാറ്റിയില്ല? ഇതിനുള്ള ഉത്തരം എത്രയോ നാള്‍ മുമ്പ് പറഞ്ഞുകഴിഞ്ഞു.
2016-ലെ തെരഞ്ഞെടുപ്പിന് മുന്നേ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ തള്ളിക്കളയില്ലായെന്ന് ഇടതുപക്ഷം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. കാരണം, കേസുമൂലം തുറമുഖ നിര്‍മ്മാണം അനന്തമായി നീണ്ടുപോയാല്‍ വിഴിഞ്ഞം നമുക്ക് എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടാനിടയുണ്ട്. വ
വിഴിഞ്ഞത്തിന് തൊട്ടടുത്ത് തമിഴ്‌നാട്ടിലെ കുളച്ചലില്‍ അദാനി തന്നെ പുതിയ തുറമുഖത്തിന് കരാര്‍ എടുത്തിരുന്നു. അതുകൊണ്ടാണ് മുന്നോട്ടുപോയതും, യുഡിഎഫിന്റെ അട്ടിമറി സമരത്തെയും മറ്റും നേരിട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതും,’ തോമസ് ഐസക് പറഞ്ഞു.
Content Highlight: CPIM Leader Thomas Issac Response on Vizhinjam AVPL-MSC Share Deal
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




