Trending
ആയത്തുല്ല അലി ഖാംനഇക്ക് മഷാദില്‍ അന്ത്യ വിശ്രമം; വിലാപയാത്രയില്‍ പങ്കെടുത്തത് പത്ത് ദശലക്ഷത്തിലധികം പേരെന്ന് ഇറാഖ്
നജാഫ്: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ 10 ദശലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായി ഇറാഖ്.
ഇറാഖിലെ പുണ്യ നഗരങ്ങളായ നജാഫിലും കര്‍ബലയിലുമായി നടന്ന ചടങ്ങുകളില്‍ 10 ദശലക്ഷം പേര്‍ പങ്കെടുത്തതായി ഇറാഖിലെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ സുപ്രീം കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഇറാഖിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായും സുരക്ഷിതമായും ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതായും കനത്ത തിരക്കുണ്ടായിട്ടും കാര്യമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കമ്മിറ്റി തവലവനും ഓഫീസ് ഡയരക്ടറുമായ ഇഹ്‌സാന്‍ യാസിന്‍ അല്‍ അവാദി പറഞ്ഞു.
‘ഇസ്‌ലാമിക ലോകവും ആഗോള പൊതുസമൂഹവും ഇറാഖിലെ വിശുദ്ധ നഗരങ്ങളില്‍ നടന്ന രക്തസാക്ഷിയായ നേതാവിന്റെ വിലാപയാത്രയെ അതീവ ദുഃഖത്തോടും വികാരഭരിതവുമായാണ് വീക്ഷിച്ചത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങുകളുടെ അഭൂതപൂര്‍വമായ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, സുരക്ഷാ-സേവന ഏജന്‍സികള്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും അല്‍ അവാദി നന്ദി രേഖപ്പെടുത്തി. ഇത് വിലാപത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ശ്രദ്ധേയമായ പ്രകടനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ബലയില്‍ മാത്രം നടന്ന വിലാപയാത്രയില്‍ ഏകദേശം 6 ദശലക്ഷം ആളുകള്‍ പങ്കെടുത്തതായി ഇറാഖ് അധികൃതരുടെ കണക്കുകള്‍ ഉദ്ധരിച്ച് നഗരത്തിലെ ഇറാന്റെ ആക്ടിംഗ് കൗണ്‍സില്‍ ജനറല്‍ ജാഫര്‍ സഫാരി പറഞ്ഞു. വിലാപയാത്രാ വാഹനം പ്രാദേശിക സമയം വൈകിട്ട് നാല് മണിക്ക് കര്‍ബലയില്‍ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും, വന്‍ ജനത്തിരക്ക് കാരണം പുലര്‍ച്ചെ ഒരു മണിയോടെയാണ് നഗരത്തില്‍ എത്തിയതെന്നും അദ്ദേഹം ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വിലാപയാത്ര ഏകദേശം 13 മണിക്കൂറോളം നീണ്ടുനിന്നുവെന്നും ഇത് ആദ്യം പ്രതീക്ഷിച്ചതിലും ഇരട്ടി സമയമാണ്. കനത്ത ചൂടും വന്‍ ജനത്തിരക്കും ഉണ്ടായിരുന്നിട്ടും വിലാപയാത്രയ്ക്കിടയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, ചിലര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ബലയില്‍ മാത്രം 7 ദശലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ്
കര്‍ബല ഗവര്‍ണറേറ്റിനെ ഉദ്ധരിച്ച് ലെബനന്‍ ആസ്ഥാനമായുള്ള അല്‍ മായദീന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇറാഖില്‍ നടന്ന വമ്പിച്ച വിലാപയാത്ര നേതാവിന്റെ പൈതൃകത്തിനുള്ള പിന്തുണയുടെ പ്രഖ്യാപനവും അദ്ദേഹത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാനുള്ള ആഹ്വനവുമാണെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ 6 മണിക്ക് നജാഫിലെ ഇമാം അലിമഖ്ബറയില്‍ നടന്ന ജനാസ നമസ്‌കാരത്തിന് ശേഷമാണ് ഔദ്യോഗിക വിലാപയാത്ര ആരംഭിച്ചത്. ഇറാഖിലെ നാഷണല്‍ വിസ്ഡം മൂവ്മെന്റ് നേതാവ് അമ്മാര്‍ അല്‍ഹക്കീമും ചടങ്ങില്‍ പങ്കെടുത്തു. ആയത്തുല്ല ഖാംനഇയുടെ വിലാപയാത്രയില്‍ പങ്കെടുക്കുന്നതും അദ്ദേഹത്തിന്റെ പൈതൃകത്തെ ആദരിക്കുന്നതും ഒരു കടമയാണെന്ന് സ്റ്റേറ്റ് ഓഫ് ലോ കോളിഷന്‍ തലവനും മുന്‍ ഇറാഖ് പ്രധാനമന്ത്രിയുമായ നൂരി അല്‍ മാലിക്കി പറഞ്ഞു.
ആയത്തുല്ല ഖാംനഇയുടെ വസിയ്യത്ത് (അവസാന ആഗ്രഹം) അനുസരിച്ച്, ഇറാന്റെ വടക്കുകിഴക്കന്‍ നഗരമായ മഷാദിലെ എട്ടാമത്തെ ഷിയാ ഇമാമായ ഇമാം റസയുടെ ന്റെ മഖ്ബറയിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തത്.
ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്താക്രമണം ആരംഭിച്ച ഫെബ്രുവരി 28നായിരുന്നു പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തെ കൂടാതെ നിരവധി നേതാക്കളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
Content Highlight: A sea of people at Khamenei’s funeral procession; Iraq reports the participation of over ten million people across Najaf and Karbala.
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




