11
July, 2026

A News 365Times Venture

11
Saturday
July, 2026

A News 365Times Venture

കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍; എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ

Date:



Kerala


‘കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ

കൊച്ചി: ഓണ്‍ലൈന്‍ ചാനലില്‍ നടി ലക്ഷ്മിപ്രിയ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പൊലീസ് എ.എഫ്.ആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് നടി അന്‍സിബ. കേസില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതായി കൊച്ചി പൊലീസ് കമ്മീഷണറെ വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് അന്‍സിബയുടെ പ്രതികരണം.

എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ആഭ്യന്തര മന്ത്രിയെ പറ്റിച്ചതാണ് എന്നും അവര്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എഫ്.ഐ.ആര്‍ രേഖപ്പെടുത്താത്തതിനാല്‍ താന്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി.

‘പോലീസ് എഫ്.ഐ.ആര്‍ എടുത്തിട്ടില്ല സാര്‍.. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍. എഫ്.ഐ.ആര്‍ ഇടാത്തതിനെ തുടര്‍ന്ന് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സാര്‍. കേസെടുക്കാനാവില്ല എന്ന് അവര്‍ കോടതിയിലും പറഞ്ഞിട്ടുണ്ട് സാര്‍…’ അന്‍സിബ കുറിച്ചു.


അന്‍സിബ തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും അതിനെത്തുടര്‍ന്ന് കൊച്ചി പൊലീസ് കമ്മീഷണറോട് സംസാരിച്ചപ്പോള്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്നാണ് തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല ഇന്ന് (വെള്ളി) പറഞ്ഞിരുന്നു. ഇന്ന് വൈകിട്ട് ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഈ കാര്യം അദ്ദേഹം പറഞ്ഞത്.

‘അവര്‍(അന്‍സിബ) എന്നെ ഫോണില്‍ വിളിച്ചിരുന്നു. താന്‍ പരാതി കൊടുത്തിട്ടും അവര്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഞാന്‍ കമ്മീഷണറെ വിളിച്ചപ്പോള്‍ കമ്മീഷണര്‍ പറഞ്ഞിരുന്നു എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന്. അവര്‍ (അന്‍സിബ) പരാതി പറഞ്ഞപ്പോള്‍ തന്നെ കമ്മീഷണറെ വിളിച്ചിരുന്നു,’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

‘എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയാല്‍ അന്വേഷണം പൊലീസിന്റെ ചുമതലയാണ്. പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയാല്‍ ഞാന്‍ ഇടപെടുന്നത് ശരിയല്ല,’ എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ചെന്നിത്തലയുടെ വാദം തള്ളിയ അന്‍സിബ പൊലീസില്‍ നിന്ന് തനിക്ക് ലഭിച്ച മറുപടി ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മിപ്രിയയുടെ വീഡിയോയില്‍ ശിക്ഷിക്കാന്‍ വകുപ്പുള്ള കുറ്റം ഒന്നും കണ്ടില്ലെന്നും പൊലീസിന് നടപടിയെടുക്കാനുള്ള സാധുത ഇല്ലെന്നും പാലാരിവട്ടം എസ്.എച്ച്.ഒയുടെ മറുപടിയില്‍ പറയുന്നു.

‘താങ്കള്‍ സമര്‍പ്പിച്ച 15285041-2026-5-02012 നമ്പര്‍ പരാതിയിന്മേല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന വീഡിയോ ക്യാന്‍ ചാനല്‍ മീഡിയ എന്ന ഓണ്‍ലൈന്‍ ചാനലില്‍ വന്ന ലക്ഷ്മി പ്രിയയുടെ അഭിമുഖം ആണ് എന്ന് കാണുന്നു.

ടി വീഡിയോ വിശദമായി പരിശോധിച്ചതില്‍ ഡിഫമേഷന്‍ വകുപ്പ് [356 ബി.എന്‍.എസ്] പ്രകാരമുള്ള കുറ്റം മാത്രമേ നിലനിക്കുന്നുള്ളു എന്നും മറ്റു കോഗ്നിസിബിള്‍ ഒഫന്‍സുകള്‍ ഒന്നും നടന്നിട്ടില്ല എന്നും വെളിവാകുന്നു ആയതിനാല്‍ ബി.എന്‍.എസ്.എസ് വകുപ്പ് 222[1] പ്രകാരം പോലീസ് നടപടികള്‍ക്ക് സാധുത ഇല്ലാത്തതിനാല്‍ പരാതിക്കാരിക്ക് നേരിട്ട് കോടതിയില്‍ കംപ്ലയിന്റ് സമര്‍പ്പിച്ചു പരാതിക്കു നിവര്‍ത്തിവരുത്താവുന്നതാണ്,’ എന്നാണ് മറുപടിയില്‍ പറയുന്നത്.

Response From Palarivattam SHO

ആഭ്യന്തര മന്ത്രി വിളിച്ച് പറഞ്ഞിട്ടും തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് അന്‍സിബ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തവെയാണ് അന്‍സിബ ഈ കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി നേരിട്ട് വിളിച്ചുപറഞ്ഞിട്ടും കേസെടുക്കാന്‍ തയാറാകാത്ത പൊലീസ് സ്റ്റേഷനുകളാണോ കേരളത്തിലുള്ളതെന്ന് അന്‍സിബ അന്ന് ചോദിച്ചിരുന്നു.

Content Highlight: Ansiba Reject Claims of Kerala Home Minister on Registering FIR on er petition




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related