17
July, 2026

A News 365Times Venture

17
Friday
July, 2026

A News 365Times Venture

E20 തര്‍ക്കത്തില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി രാജ്യത്തെ ആദ്യ വിധി; 45 ദിവസത്തിനകം പുതിയ കാര്‍ നല്‍കാന്‍ മാരുതിയോട് കോടതി

Date:



national news


E20 തര്‍ക്കത്തില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി രാജ്യത്തെ ആദ്യ വിധി; 45 ദിവസത്തിനകം പുതിയ കാര്‍ നല്‍കാന്‍ മാരുതിയോട് കോടതി

റായ്പൂര്‍: എഥനോള്‍ കലര്‍ന്ന E20 പെട്രോള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് തകരാറിലായ എസ്.യു.വി മാറ്റിനല്‍കാന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയോട് ഉപഭോക്തൃ കോടതി. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് (അഡീഷണല്‍ ബെഞ്ച്) ഈ സുപ്രധാന വിധി.

എഥനോള്‍ മിശ്രിത ഇന്ധനം വാഹനങ്ങള്‍ക്ക് തകരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരു വാഹന ഉടമയ്ക്ക് അനുകൂലമായി രാജ്യത്ത് കോടതി വിധി വരുന്നത് ഇതാദ്യമായാണ്.

ഗ്രീന്‍ എനര്‍ജിയിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തില്‍ ഇന്ധന അനുയോജ്യതയെക്കുറിച്ച് (Fuel Compatibility) കൃത്യമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത് വാഹന നിര്‍മാതാക്കളുടെ നിയമപരമായ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി.

റായ്പൂരിലെ പ്രമുഖ വൃക്കരോഗ വിദഗ്ധനായ ഡോ. പ്രേംരാജ് ദേവത 2024 ജൂണ്‍ 3-ന് 18,29,000 രൂപയ്ക്ക് വാങ്ങിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര സ്‌ട്രോങ്ങ് ഹൈബ്രിഡ് വാഹനമാണ് തകരാറിലായത്. ഏകദേശം 21,913 കിലോമീറ്റര്‍ ഓടിയതിന് ശേഷം, 2024 നവംബറോടെ വാഹനത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ കണ്ടുതുടങ്ങി.

ഡാഷ്ബോര്‍ഡില്‍ ‘എഞ്ചിന്‍ പ്രശ്‌നം’ (engine problem) കാണിക്കുകയും വാഹനം പലപ്പോഴും വഴിയില്‍ നില്‍ക്കുകയും ചെയ്തതോടെയാണ് ഉടമ നിയമനടപടികളിലേക്ക് നീങ്ങിയത്.

പരിശോധനയില്‍ എഥനോള്‍ കലര്‍ന്ന E20 പെട്രോള്‍ ഉപയോഗിച്ചതാണ് വാഹനത്തിന്റെ തകരാറിന് കാരണമെന്ന് കണ്ടെത്തി. വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ വെള്ള നിറത്തിലുള്ള, ജെല്ലി പോലുള്ള ഒരു രാസപദാര്‍ത്ഥം പറ്റിപ്പിടിക്കുകയും അത് എഞ്ചിനിലേക്കുള്ള പൈപ്പുകള്‍ അടയ്ക്കാന്‍ കാരണമാവുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനം 2023 ജനുവരിയിലാണ് നിര്‍മിച്ചതെന്ന് വ്യക്തമായത്. അതായത്, പരാതിക്കാരന്‍ വാഹനം വാങ്ങുന്നതിന് 17 മാസങ്ങള്‍ക്ക് മുമ്പേ ഇത് നിര്‍മിക്കപ്പെട്ടിരുന്നു.

ഈ വാഹനം E20 ഇന്ധനത്തിന് പൂര്‍ണമായും അനുയോജ്യമായിരുന്നില്ല എന്ന കാര്യം വില്‍പന സമയത്ത് കമ്പനിയോ ഡീലറോ തന്നില്‍ നിന്ന് മറച്ചുവെച്ചതായി പരാതിക്കാരന്‍ ആരോപിച്ചു. ഇത് അനുചിതമായ വ്യാപാര രീതിയാണെന്ന് കോടതിയും വിലയിരുത്തി.

ഇന്ധനത്തിലെ മായം മൂലമാണ് വാഹനം തകരാറിലായതെന്നും ഇത് നിര്‍മാണ തകരാറല്ലെന്നുമാണ് മാരുതി സുസൂക്കിയും ഡീലറും കോടതിയില്‍ വാദിച്ചത്. ഇന്ധനത്തിലെ മായം വാറന്റിയുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി എഞ്ചിന്‍ മാറ്റുന്നതിനായി ഏകദേശം 5 ലക്ഷം രൂപ പരാതിക്കാരനോട് കമ്പനി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇരുഭാഗത്തിന്റെയും വാദം കേട്ട പ്രസിഡന്റ് പ്രശാന്ത് കുണ്ഡു, അംഗം ഡോ. ആനന്ദ് വര്‍ഗീസ് എന്നിവരടങ്ങിയ ബെഞ്ച് മാരുതി സുസുക്കിയും ഡീലറും സേവനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തി.

45 ദിവസത്തിനുള്ളില്‍ പരാതിക്കാരന് E20 ഇന്ധനത്തിന് അനുയോജ്യമായ അതേ മോഡലിന്റെ പുതിയ വാഹനം നല്‍കാന്‍ കോടതി ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളില്‍ വാഹനം മാറ്റി നല്‍കുന്നില്ലെങ്കില്‍, വാഹനത്തിന്റെ വില (18,29,000 രൂപ), ആര്‍.ടി.ഒ ചാര്‍ജുകള്‍ (1,86,850 രൂപ), ഇന്‍ഷുറന്‍സ് പ്രീമിയം (34,644 രൂപ) എന്നിവയുള്‍പ്പെടെ ആകെ 20,50,494 രൂപ പരാതിക്കാരന് നല്‍കണം.

ഇതിന് പുറമെ മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 1 ലക്ഷം രൂപയും, കോടതി ചെലവിനായി 10,000 രൂപയും നല്‍കാനും വിധിയിലുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ഈ തുക നല്‍കിയില്ലെങ്കില്‍, വിധി വന്ന തീയതി മുതല്‍ 7 ശതമാനം വാര്‍ഷിക പലിശയും കമ്പനി നല്‍കേണ്ടി വരും.

 

Content Highlight: Country’s first verdict in E20 dispute goes in favor of vehicle owner; court orders Maruti to provide a new car within 45 days.




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടത്; ആരോഗ്യം ദിവസവും നീരീക്ഷിക്കണമെന്ന് കേന്ദ്രത്തോട് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്തറില്‍ അനിശ്ചിത കാലത്തേക്ക് നിരാഹര സമരമിരിക്കുന്ന സോനം...

ഇറാനില്‍ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം അമേരിക്കയുടെ ആക്രമണം; മൃഗീയവും ഭീരുത്വവുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ കുട്ടികളുടെ പ്രത്യേക കാന്‍സര്‍ ആശുപത്രിക്ക്...