Kerala
യു.ഡി.എഫ് പോകുന്നത് ബി.ജെ.പിയുടെ വഴിയിലേക്ക്; ലീഗ് നിലപാട് പ്രഖ്യാപിത നയത്തിനെതിര്: വഖഫ് വിഷയത്തില്‍ പിണറായി
Pinarayi Viijayan has sharply criticized the government over the reorganization of the Waqf Board.
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പുന സംഘടനക്കുള്ള നീക്കം വലിയ തോതില്‍ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് പിണറായി അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്റെ വഖഫ് നിയമ ഭേദഗതിക്ക് അനുസരിച്ച് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളായിരുന്നു. ഇപ്പോള്‍ ആ വഴിക്കാണ് സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പോകുന്നതെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
‘2025ലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ചെഴുതി ഭേദഗതി ചെയ്തത്. അത് സംഘപരിവാര്‍ അജണ്ട അനുസരിച്ചായിരുന്നു. അതിന്റെ ഭാഗമായി വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ തിരുകിക്കേറ്റാനുള്ള നടപടികളുണ്ടായി.
അതോടൊപ്പം തന്നെ പല തരത്തിലുള്ള മാറ്റങ്ങള്‍ ഭേദഗതിയായി കൊണ്ടുവന്നു. മുസ്‌ലിം ആചാരം പ്രകാരം അഞ്ച് വര്‍ഷപ്രകാരം ജീവിച്ചു എന്ന് തെളിയിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നല്‍കാവൂ എന്ന തരത്തിലുള്ള ഭേദഗതികളും വന്നു.
കേന്ദ്രം നിയമം കൊണ്ട് വന്നെങ്കിലും അന്ന് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഭേദഗതിയെ എതിര്‍ത്തിരുന്നു. ഭേദഗതി അനുസരിച്ച് അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തിയത് ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാരുകള്‍ മാത്രമാണ്. ആ വഴിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങിയെന്നത് ദൗര്‍ഭാഗ്യകരമാണ്,’ പിണറായി പറഞ്ഞു.
2024ല്‍ ഒക്ടോബറില്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രമേയം അവതരിച്ചിരുന്നു. അന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ആ പ്രമേയത്തെ അംഗീകരിച്ചത്. അന്ന് കോണ്‍ഗ്രസും ലീഗും അടക്കമുള്ളവര്‍ കേന്ദ്ര നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചത് കേന്ദ്രം അന്ന് വഖഫ് ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ നടപ്പാക്കാമെന്നാണെന്നും പിണറായി പറഞ്ഞു.
അമുസ്‌ലിങ്ങളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ക്കതിരെ മുസ്‌ലിം ലീഗും കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ലീഗ് മന്ത്രിക്കാണ് സംസ്ഥാനത്ത് വഖഫിന്റെ ചുമതല. ലീഗിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ നിലപാട് ആ മന്ത്രി സ്വീകരിച്ചു. അത് വ്യക്തിപരമായി ആ മന്ത്രിയുടെ നിലപാടാണെന്ന് കരുതുന്നില്ല. ലീഗിന്റെ നിലപാടില്‍ മാറ്റം വന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തരത്തില്‍ ഒരു നിലപാട് മന്ത്രിയെടുത്തതെന്നേ കരുതാന്‍ പറ്റൂ. തീര്‍ത്തും വിരോധാഭാസമാണ് അതെന്നും പിണറായി പറഞ്ഞു.
ഇവിടെ വിവിധ മതവിഭാഗങ്ങളുടെ ഒട്ടേറെ സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ട്. അവയുടെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറ്റ് മതങ്ങളിലുള്ളവര്‍ കൈകടത്തുന്നത് സാധാരണ ഗതിയില്‍ ശരിയായ കാര്യമല്ല. ഇതിനെതിരായ വ്യവസ്ഥയാണ് അന്ന് വഖഫ് ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്നും പിണറായി അഭിപ്രായപ്പെട്ടു.
രാജ്യത്തുള്ള മതവിഭാഗങ്ങളില്‍ ഒന്നാണ് മുസ്‌ലിം. ഈ മുസ്‌ലിം വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരുടെ മാത്രം സംവിധാനമാണ് വഖഫ് ബോര്‍ഡ്. അതിന്റെ മാനേജ്‌മെന്റില്‍ അമുസ്‌ലിങ്ങളെ തിരുകക്കയറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. അതാണ് വഖഫ് ഭേദഗതിയിലൂടെ കേന്ദ്രം നടപ്പാക്കിയത്. ഇത് ഇന്ന് മുസ്ലിങ്ങളുടെ കാര്യത്തിലാണെങ്കില്‍ നാളെ മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തിലും സ്വീകരിക്കാമെന്നാണ് കാണേണ്ടത്. മതനിരപേക്ഷ സമീപനത്തിന് യോജിക്കാത്തതും മതനിരപേക്ഷതക്ക് എതിരായതുമായ നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Pinarayi Viijayan has sharply criticized the government over the reorganization of the Waqf Board.
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




