India
വാങ്ചുക്ക് നാളെ നിരാഹാരം അവസാനിപ്പിക്കും, പക്ഷേ…; ഉപാധികള്‍ അറിയിച്ച് ഗീതാഞ്ജലി
ന്യൂദല്‍ഹി: ചില ഉപാധികള്‍ അംഗീകരിച്ചാല്‍ സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറാവുമെന്ന് അദ്ദേഹത്തിന്റെ പങ്കാളി ഗീതാഞ്ജലി ആങ്‌മോ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ നാളെ ഉച്ചക്ക് രണ്ട് മണിക്ക് വാങ്ചുക്ക് തന്റെ നിരാഹാര സമരം അവസാനിപ്പിക്കുമെന്നും ഗീതാഞ്ജലി വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കള്‍ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തുകയും വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്ത ബോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യണം എന്നതാണ് ഉപാധി. ഈ ഉപാധി അംഗീകരിച്ചാല്‍ വാങ്ചുക് നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാവുമെന്നാണ് ആങ്‌മോ പറഞ്ഞത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഈ വിഷയം അവതരിപ്പിക്കണമെന്നാണ് ആങ്‌മോ പറഞ്ഞത്. നാളെയാണ് (ജൂലൈ 20, തിങ്കള്‍) വര്‍ഷകാല സമ്മേളനം അരംഭിക്കുക.
അതേസമയം, വാങ്ചുക്കിന്റെ ആരോഗ്യത്തിന് നിരാഹാരസമയത്തും പ്രശ്‌നമില്ലായിരുന്നെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടിയില്ലായിരുന്നെന്നും ഗീതാഞ്ജലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഇന്ന് വാങ്ചുക്കിന്റെ നിരാഹാരത്തിന്റെ 22-ാം ദിവസമാണ്. ലഡാക്കില്‍ അദ്ദേഹം 35 ദിവസമാണ് നിരാഹാരം തുടര്‍ന്നത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല. സര്‍ക്കാര്‍ ഇടപെടലിന്റെ ഒരാവശ്യവുമില്ല,’ ആങ്‌മോ വ്യക്തമാക്കി.
നിലവില്‍ ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് വാങ്ചുക്. ജന്തര്‍ മന്ദറില്‍ നിരാഹാര സമരം നടത്തുകയായിരുന്ന വാങ്ചുക്കിനെ ഇന്നലെയാണ് (ജൂലൈ 18 ശനി) ദല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് സമരവേദിയില്‍ നിന്ന് മാറ്റിയതും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
ആശുപത്രി വാങ്ചുക്കിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും കാണിക്കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗീതാഞ്ജലി ദല്‍ഹി ഹൈക്കോടതിയെ ഇന്ന് സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
തന്റെ പരാതി തെറ്റായാണ് വ്യാഖ്യാനം ചെയ്തതെന്ന് കോടതി ഹരജിയിലെ ആവശ്യം തള്ളിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഗീതാഞ്ജലി പറഞ്ഞു. സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ തന്നെ അത് ജനാധിപത്യപരമായും കുടുംബത്തിന്റെ വിശ്വാസം നേടിയും ചെയ്യാമായിരുന്നില്ലെ എന്നും അവര്‍ ചോദിച്ചു.
വാങ്ചുക്കിന് ഡോക്ടറെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും ആങ്‌മോ പറഞ്ഞു. ഒരു സ്വതന്ത്ര ഇന്ത്യന്‍ പൗരന് തനിക്ക് പറ്റിയ ഡോക്ടറെ ചികിത്സയ്ക്കായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതിക്ക് നല്‍കിയ ഒരു കത്തില്‍ അവര്‍ പറഞ്ഞിരുന്നു.
ഇന്നത്തെ ഹരജിയിലെ തെറ്റുകള്‍ തിരുത്തി നാളെ വീണ്ടും കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നും മെദാന്ത ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഗീതാഞ്ജലി ആങ്‌മോ തന്റെ ഹരജിയില്‍ ആവശ്യപ്പെട്ടത്. വാങ്ചുക്കിനെ ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ‘നിയമവിരുദ്ധമായി തടങ്കലില്‍’ വെച്ചിരിക്കുകയാണെന്നും തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
Content Highlight: Gitanjali Angmo made the announcement- Sonam Wangchuk to end hunger strike tomorrow on 2 conditions
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




