ബംഗാളില്‍ എല്ലാ ഔദ്യോഗിക ആശയവിനിമയത്തിനും ബംഗാളി നിര്‍ബന്ധമാക്കി; കേന്ദ്രവുമായുള്ള ആശയവിനിമയത്തിന് ഹിന്ദി
കൊല്‍ക്കത്ത: ബംഗാളില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എല്ലാ ഔദ്യോഗിക ആശയ വിനിമയങ്ങള്‍ക്കും ബംഗാളി നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.
നിയമസഭയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സുവേന്ദു നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ആഭ്യന്തര ഔദ്യോഗിക ആശയവിനിമയങ്ങളും ബംഗാളി ഭാഷയിലായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരുമായി നടത്തുന്ന ഔദ്യോഗിക ഇടപാടുകള്‍ക്ക് ബംഗാളിക്കൊപ്പം ഹിന്ദിയും ഉപയോഗിക്കുമെന്നും സുവേന്ദു പറഞ്ഞു. ഇന്ത്യന്‍ ഭാഷകളുടെ വ്യാപകമായ ഉപയോഗവും വികാസവും പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ആഭ്യന്തര മന്ത്രി അമിത്ഷായുടെ കത്തും സുവേന്ദു സഭയില്‍ വായിച്ചു.
അന്തര്‍സംസ്ഥാന ആശയവിനിമയങ്ങളില്‍ ഹിന്ദിയുടെ ഉപയോഗം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ സംവിധാനത്തില്‍ ബംഗാളി ഭാഷയുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് സുവേന്ദു പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ ഭരണ തലങ്ങളിലും ബംഗാളി ഭാഷയുടെ ഉപയോഗം ഏകീകരിക്കുന്നതിന് പ്രത്യേക പ്രധാന്യം നല്‍കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
Content Highlight: Bengali made mandatory for all official communication in Bengal; Hindi for communication with the Centre.




