11
August, 2026

A News 365Times Venture

11
Tuesday
August, 2026

A News 365Times Venture

തേജ്പാല്‍ കുറ്റക്കാരന്‍- ലൈംഗിക അതിക്രമക്കേസില്‍ വെറുതെവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

Date:



India


തേജ്പാല്‍ കുറ്റക്കാരന്‍: ലൈംഗിക അതിക്രമക്കേസില്‍ വെറുതെവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

പനാജി: തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന തരുണ്‍ തേജ്പാലിനെ ലൈംഗിക അതിക്രമക്കേസില്‍ വെറുതെ വിട്ട നടപടി ബോബെ ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പിച്ച ഹരജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചിന്റെ ഉത്തരവ്.

ഐ.പി.സി 376(2)(എഫ്), 376(2)(കെ), 354എ, 354ബി വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ കുറ്റകൃത്യങ്ങളില്‍ തേജ്പാല്‍ കുറ്റക്കാരനാണെന്ന് ഗോവ സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് നീല ഗോഖലെയുടെയും ജസ്റ്റിസ് അമിത് ജംസന്ദേകറിന്റെയും ബെഞ്ച് നിരീക്ഷിച്ചു.

ഐ.പി.സി 376 വകുപ്പ് പ്രകാരം തേജ്പാല്‍ ചുരുങ്ങിയത് 10 വര്‍ഷം മുതല്‍ പരമാവധി ജീവപര്യന്തം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. കേസില്‍ തേജ്പാലിനായി ഹാജരായ അബാദ് പോണ്ട കുറഞ്ഞ ശിക്ഷക്കായി കോടതിയോട് അഭ്യര്‍ത്ഥിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ തേജ്പാലിന് പരമാവധി ശിക്ഷ നല്‍കണമെന്ന് ഗോവ സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അവശ്യപ്പെട്ടു. ‘നോ മീന്‍സ് നോ’ എന്നത് വ്യക്തമാക്കുന്ന ശക്തമായ സന്ദേശം നല്‍കാന്‍ തേജ്പാലിന് പരമാവധി ശിക്ഷ നല്‍കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്ക് 62 വയസുണ്ടെന്നും താന്‍ രണ്ട് പെണ്‍മക്കളുണ്ടെന്നും അതിനാല്‍ തന്നോട് സൗമ്യത കാണിക്കണമെന്നും കോടതിയില്‍ തേജ്പാല്‍ ആവശ്യപ്പെട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. താന്‍ ഒരു ഇരയാണെന്നാണ് സ്വയം വിശ്വസിക്കുന്നതെന്നും തേജ്പാല്‍ അവകാശപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ തന്റെ മകളുടെ പ്രായമുള്ള പെണ്‍കുട്ടിയോടാണ് തേജ്പാല്‍ കുറ്റകൃത്യം ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. തേജ്പാലിന് ഒരു ഇളവും അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

2013ലായിരുന്നു കേസിനാസ്പദമായ സംഭവം. തേജ്പാല്‍ തന്നെ പീഡിപ്പിച്ചതായി തെഹല്‍കയിലെ ഒരു ജീവനക്കാരി നല്‍കിയ പരാതിയിലായിരുന്നു കേസ്. 2021 മെയിലായിരുന്നു ഗോവ സെഷന്‍സ് കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്.

ഒരു റിസോര്‍ട്ടിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് തേജ്പാലിനെതിരെ തെഹല്‍ക ജീവനക്കാരി പരാതി നല്‍കിയത്. 2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ കേസില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

2017ല്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നു. പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2021ല്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിചാരണ കോടതി ഉത്തരവിടുകയും ചെയ്തു. വിചാരണക്കോടതി ഉത്തരവിന് പിന്നാലെ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Bombay High Court convicts Tarun Tejpal in 2013 sexual assault case




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related