Kerala
സംഘപരിവാർ തിട്ടൂരത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് ഐഷി ഘോഷ്; വി.സി അനുമതി നിഷേധിച്ച പരിപാടി നടത്തി എസ്.എഫ്.ഐ
പാലയാട്: കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വൈസ് ചാൻസലർ അനുമതി നിഷേധിച്ച പരിപാടി നടത്തി എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ക്യാമ്പസ് യൂണിയൻ. ഐഷി ഘോഷ് പങ്കെടുക്കുന്ന ‘ഷീ ഫെസ്റ്റ്’ പരിപാടിക്കാണ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. സാജു അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷേധ പ്രകടനവുമായി എത്തി പൂട്ടിക്കിടന്ന സെമിനാർ ഹാൾ തുറന്ന് പരിപാടി നടത്തുകയായിരുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ക്യാമ്പസ് യൂണിയന്റെ പരിപാടി തടയാനുള്ള വി.സി.യുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് വിദ്യാർഥികൾ. മുൻകൂട്ടി നിശ്ചയിച്ച പരിപാടി നടത്തുമെന്ന് എസ്.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
പരിപാടിയിൽ സംസാരിച്ച മുൻ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, ജനാധിപത്യ ചർച്ചകൾ അവസാനിപ്പിക്കാനല്ല, പ്രതിരോധിക്കാനാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് പറഞ്ഞു. ‘ഇവിടെ ഇരുന്ന് നമുക്ക് ഒന്നിച്ച് ചർച്ച ചെയ്യാം എന്ന് വൈസ് ചാൻസലറോട് പറയുകയാണ്. എന്താണ് നിങ്ങളുടെ പ്രശ്നം? യുവാക്കൾ വന്ന് ഫെസ്റ്റിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം? നിങ്ങൾ എന്തിനാണ് ഇത്ര ഭയപ്പെടുന്നത്?’ ഐഷി ഘോഷ് ചോദിച്ചു.
യുവാക്കൾ സംസാരിക്കാൻ തുടങ്ങുന്നതാണ് അധികാരികളെ ഭയപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. ‘ലക്ഷക്കണക്കിന് യുവാക്കൾ അവരുടെ ശബ്ദം ഉയർത്താൻ തയ്യാറാണ്. ഒരാളെ തടഞ്ഞുകൊണ്ട് യുവതലമുറയുടെ ആശയങ്ങളെ തടയാനാകില്ല. അത് ഒരിക്കലും സാധ്യമല്ല,; ഐഷി ഘോഷ് പറഞ്ഞു.
ഭഗത് സിങ്ങിനെയും ചെ ഗുവേരയെയും പരാമർശിച്ചുകൊണ്ട് ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഐഷി പറഞ്ഞു. ‘നിങ്ങൾക്ക് ഒരു മനുഷ്യനെ കൊല്ലാനാകും, പക്ഷേ ഈ രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന ആശയങ്ങളെ ഇല്ലാതാക്കാനാകില്ല’ എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു അവരുടെ പ്രസംഗം.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ താൻ ക്യാമ്പസിലെത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതിൽ അത്ഭുതമില്ലെന്നും ഐഷി ഘോഷ് പറഞ്ഞു. ആർ.എസ്.എസ് ക്യാമ്പസുകളിൽ ഉയർന്നുവരുന്ന ശബ്ദങ്ങളെ ഭയപ്പെടുകയാണെന്നും, അധികാരികളുടെ ഉത്തരവുകൾക്ക് മുന്നിൽ വിദ്യാർഥികൾ കീഴടങ്ങില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടിയെന്നും അവർ പറഞ്ഞു.
ഓഗസ്റ്റ് 17ന് പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിൽ പരിപാടി നടത്താനായിരുന്നു ക്യാമ്പസ് യൂണിയന്റെ തീരുമാനം. ‘മസ്‌ദൂരി’ എന്ന പേരിലാണ് ‘ഷീ ഫെസ്റ്റ്’ സംഘടിപ്പിച്ചത്. ഐഷി ഘോഷിനെ ഉദഘാടകയായി ക്ഷണിച്ച പരിപാടിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പസ് യൂണിയൻ നേരത്തെ അപേക്ഷ നൽകിയിരുന്നു.
എന്നാൽ സെമിനാർ ഹാൾ അനുവദിക്കാനാകില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിക്കുകയായിരുന്നു. സെമിനാർ ഹാൾ ഉപയോഗിക്കുന്നതിന് സർവകലാശാല വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ആവശ്യമാണ്. അത്തരത്തിൽ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ഹാൾ അനുവദിക്കാനാകില്ലെന്നായിരുന്നു ക്യാമ്പസ് ഡയറക്ടറുടെ മറുപടി.
ഇതിനെതിരെയാണ് ക്യാമ്പസ് യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന്റെ പരിപാടി തടയുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് എസ്.എഫ്.ഐ.
ജെ.എൻ.യുവിലെ വിദ്യാർഥി സമരങ്ങളിലൂടെ ശ്രദ്ധേയയായ നേതാവാണ് ഐഷി ഘോഷ്. ജെ.എൻ.യുവിലെ ഫീസ് വർധനവിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിലും അവർ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. സമരത്തിനിടെ ആക്രമിക്കപ്പെട്ടിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്മാറാതിരുന്ന ഐഷി ഘോഷിന്റെ രാഷ്ട്രീയ നിലപാടുകൾ സംഘപരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നാണ് എസ്.എഫ്.ഐ വ്യക്തമാക്കിയത്.
ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിയായതിനാലാണ് അനുമതി നിഷേധിച്ചതെന്നും, അവരെ പരിപാടിയിൽ നിന്ന് ഒഴിവാക്കുന്നതിനായി വി.സി. വളഞ്ഞ വഴി സ്വീകരിക്കുകയായിരുന്നുവെന്നും എസ്.എഫ്.ഐ വിമർശിച്ചു.
വി.സി.യുടെ സംഘപരിവാർ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുൻകൂട്ടി തീരുമാനിച്ച പരിപാടി നടത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും എസ്.എഫ്.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘സംഘപരിവാറിന്റെ തിട്ടൂരങ്ങൾ കയ്യിൽ വെച്ചേക്ക്; ഇത് രക്തസാക്ഷികളുടെ മണ്ണാണ്. ഐഷി ഘോഷ് പങ്കെടുക്കുന്ന വിദ്യാർഥി യൂണിയൻ പരിപാടിക്ക് അനുമതി നിഷേധിച്ച വി.സി.യുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും യോഗം ചേരാനുള്ള അവകാശത്തെയും തടയാൻ ഇത്തരം നടപടികൾക്ക് കഴിയില്ല. ഐഷി ഘോഷിനെ ഭയന്നാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്; എന്ന സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
Content Highlight:Aishe Ghosh says ‘We won’t bow to Sangh Parivar diktats’; SFI holds event despite VC denying permission




