20
August, 2026

A News 365Times Venture

20
Thursday
August, 2026

A News 365Times Venture

ഐഷി ഘോഷ് പങ്കെടുത്ത മാഗസിൻ പ്രകാശനം; യൂണിറ്റ് സെക്രട്ടറിയെ സർവകലാശാല പുറത്താക്കി; വി.സിയുടേത് പ്രതികാര നടപടിയെന്ന് എസ്.എഫ്.ഐ

Date:



Kerala


ഐഷി ഘോഷ് പങ്കെടുത്ത മാഗസിൻ പ്രകാശനം; യൂണിറ്റ് സെക്രട്ടറിയെ സർവകലാശാല പുറത്താക്കി; വി.സിയുടേത് പ്രതികാര നടപടിയെന്ന് എസ്.എഫ്.ഐ

മലപ്പുറം: കാലിക്കറ്റ് സർവകലാശയിൽ ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് ഐഷി ഘോഷ് പങ്കെടുത്ത മാഗസിൻ പ്രകാശന ചടങ്ങ് സംഘടിപ്പിച്ച യൂണിറ്റ് സെക്രട്ടറിയെ സർവകലാശാലാ അധികൃതർ പുറത്താക്കിയതായി എസ്.എഫ്.ഐ. സർവകലാശാലാ ക്യാമ്പസിലെ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയും മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിനന്ദിനെയാണ് ക്യാമ്പസ്സിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയത്.

പ്രതികാര നടപടിയെന്ന നിലക്കാണ് സർവകലാശാലാ വൈസ്ചാൻസലർ പി രവീന്ദ്രന്‍ അഭിനന്ദിനെ പുറത്താക്കിയതെന്ന് എസ്.എഫ്.ഐ നേതാക്കൾ പ്രതികരിച്ചു. അഭിനന്ദിനെ തിരിച്ചെടുക്കണമെന്നും പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് ആവശ്യപ്പെട്ടു.

‘ഇതാ അടുത്ത സംഘി പ്രതികാരം. കാലിക്കറ്റ്‌ സർവകലാശാല ക്യാമ്പസ്‌ എസ്.എഫ്.ഐ യൂണിറ്റ് സെക്രെട്ടറിയെ ഐഷി ഘോഷിനെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മാഗസിൻ പ്രകാശനം നടക്കുന്നതിനിടെ ക്യാമ്പസ്സിൽ നിന്നും, ഹോസ്റ്റലിൽ നിന്നും പുറത്താക്കിയിരിക്കുന്നു,’ സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വി.സി രവീന്ദ്രൻ ഇടത് വിരോധിയാണെന്നും ‘ഗവർണർ വി.സി അവിശുദ്ധ വർഗീയ കോമരങ്ങളെ’ എസ്എഫ്ഐ പിടിച്ചുകെട്ടുമെന്നും സഞ്ജീവ് പറഞ്ഞു. അഭിനന്ദിനെ പുറത്താക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

‘സർക്കാർ സർവകലാശാലകളെ ഇവരുടെയൊക്കെ സ്വകാര്യ സ്വത്തായാണ് ഇത്തരം സംഘി അടിമകൾ കാണുന്നത്. പൂമാല കിട്ടിയ പ്രൊ: രവീന്ദ്രൻ ഒരു കടുത്ത ഇടതുപക്ഷ വിരോധി കൂടിയാണ്. എംജി, കേരള, സംസ്‌കൃതം, കണ്ണൂർ, ഇവിടങ്ങളിലെ സംഘപരിവാർ അനുകൂല നിലപാട് സർക്കാരും, വകുപ്പ് മന്ത്രിയും തുടരുമായിരിക്കും. പക്ഷെ ഗവർണർ, വിസി അവിശുദ്ധ വർഗീയ കോമരങ്ങളെ എസ്.എഫ്.ഐ പിടിച്ചുകെട്ടും.

കാലിക്കറ്റിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ തിരിച്ചെടുക്കണം, പഠിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണം.ശക്തമായ പ്രതിഷേധം എല്ലാ നിലയിലും ഉയരും,’ സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതേസമയം, വിസിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ തന്റെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് അഭിനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ത് നടപടി വന്നാലും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. വിദ്യാര്‍ത്ഥികളെ പുറത്താക്കിയാല്‍ സമരങ്ങളുടെ ശക്തി കെടുത്താം എന്നത് വി.സിയുടെ വ്യാമോഹമാണെന്നും അഭിനന്ദ് പറഞ്ഞു.

ഇന്നലെയാണ് (ഓഗസ്റ്റ് 18, ചൊവ്വ) എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങ് നടന്നത്. സര്‍വകലാശാലാ കാമ്പസിലെ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ വച്ചായിരുന്നു ചടങ്ങ്.
ഈ ചടങ്ങിന് ഹാൾ അനുവദിക്കാൻ ആദ്യ ഘട്ടത്തിൽ സർവകലാശാല അധികൃതർ തയ്യാറായിരുന്നില്ല. പിന്നീട് വി.സിയെ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് എസ്.എഫ്.ഐ പോയിരുന്നു. ഇതിന് ശേഷമാണ് പ്രകാശനത്തിനായി ഹാൾ അനുവദിക്കാൻ സർവകലാശാല അധികൃതർ തയ്യാറായത്.

കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ ഐഷി ഘോഷ് പങ്കെടുക്കുന്ന ‘ഷീ ഫെസ്റ്റ്’ പരിപാടിക്ക് വൈസ് ചാൻസലർ കെ.കെ. സാജു അനുമതി നിഷേധിക്കുകയും എന്നാൽ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ക്യാമ്പസ് യൂണിയൻ ആ പരിപാടി നടത്തുകയും ചെയ്തിരുന്നു. അനുമതി നിഷേധിച്ചതിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷേധ പ്രകടനവുമായി എത്തി പൂട്ടിക്കിടന്ന സെമിനാർ ഹാൾ തുറന്ന് പരിപാടി നടത്തുകയായിരുന്നു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ താൻ ക്യാമ്പസിലെത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതിൽ അത്ഭുതമില്ലെന്ന് അന്ന് ചടങ്ങിൽ സംസാരിക്കവെ ഐഷി ഘോഷ് പറഞ്ഞിരുന്നു. ക്യാമ്പസുകളിൽ ഉയർന്നുവരുന്ന ശബ്ദങ്ങളെ ആർ.എസ്.എസ് ഭയപ്പെടുകയാണെന്നും, അധികാരികളുടെ ഉത്തരവുകൾക്ക് മുന്നിൽ വിദ്യാർഥികൾ കീഴടങ്ങില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടിയെന്നും അവർ പറഞ്ഞിരുന്നു.

Content Highlight: SFI Alleges Calicut University Take Revenge Action against Unit Leader After organizing program participating Aishe Ghosh




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related