Kerala
പാലത്തായി പോക്‌സോ കേസ്; പത്മരാജന്റെ ജീവപര്യന്തം മരവിപ്പിച്ചത് കുട്ടിയുടെ കുടുംബം പ്രോസിക്യൂഷന്‍ നടപടിയില്‍ ദുരൂഹത ആരോപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍
കൊച്ചി: പാലത്തായി പോക്‌സോ കേസില്‍ പ്രതി ബി.ജെ.പി നേതാവ് പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത് കോടതി നടപടികളുമായി ബന്ധപ്പെട്ട് അതിജീവിതയുടെ കുടുംബം പ്രോസിക്യൂഷനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍.
ഇന്നലെയാണ് (ഓഗസ്റ്റ് 21, വെള്ളി) ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്റെ ജീവപര്യന്തം കോടതി മരവിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യവും അനുവദിച്ചിരുന്നു. 2025 നവംബര്‍ 14ലെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധി ചോദ്യം ചെയ്ത് പ്രതി ഹൈക്കോടതിയില്‍ സമര്‍പിച്ച ഹരജിയിലായിരുന്നു നടപടി.
കേസില്‍ പ്രോസിക്യൂഷന്‍ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് അതിജീവിതയുടെ കുടുംബം ആരോപിച്ചതായി ഈ മാസം ഒമ്പതിന് മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസില്‍ പ്രതിയുടെ അപ്പീലും അതിജീവിതയുടെ നിയമസഹായ അവകാശവും സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തങ്ങളെ അറിയിക്കാതെയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം അന്ന് പറഞ്ഞിരുന്നു.
ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ജൂലൈ 23ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രോസിക്യൂഷന്‍ പാലിച്ചില്ലെന്നും അന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. പ്രതിയുടെ അപ്പീലില്‍ എന്തെങ്കിലും ഉത്തരവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്നാണ് ജൂലൈ 23ലെ ഉത്തരവില്‍ പറയുന്നത്.
അതിജീവിത 10 വയസ്സും ആറ് മാസവും മാത്രമുള്ള കുട്ടിയായതിനാല്‍ കുട്ടിയുടെ മാതാവിനെ വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നുവെന്നും മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വനിത പൊലീസ് സിവില്‍ വേഷത്തില്‍ വീട്ടിലെത്തി കേസ് വിവരങ്ങളും നിയമസഹായ അവകാശവും മാതാവിനെ ബോധ്യപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവുകള്‍ പ്രോസിക്യൂഷന്‍ പാലിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിയെ സഹായിക്കാനുള്ള നീക്കമാണിതെന്നും പ്രോസിക്യൂഷന്റെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തുംവെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലായിരുന്നു തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി പത്മരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തെ സാഹചര്യം പരിഗണിക്കാതെയായിരുന്നു വിചാരണ കോടതി വിധിയെന്നും ആരോപിച്ചായിരുന്നു പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ വി. വിജയരാഘവന്‍, എം.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കുകയായിരുന്നു. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന നിഗമനത്തില്‍ ഇപ്പോള്‍ എത്തിച്ചേരുന്നത് അപക്വമാണെന്നും ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
ഒരുലക്ഷം രൂപ ബോണ്ടിനും രണ്ട് ആള്‍ ജാമ്യത്തിലുമാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള മറ്റ് ജാമ്യ വ്യവസ്ഥകളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. അട്ടിമറിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി അനുമതിയില്ലാതെ രാജ്യംവിടരുതെന്നും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ജാമ്യ വ്യവസ്ഥകളില്‍ പറയുന്നു.
2020 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ മൂന്ന് തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശുചിമുറിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.
പീഡനത്തെ കുറിച്ച് വിദ്യാര്‍ത്ഥിനി തന്നെയായിരുന്നു ചൈല്‍ഡ്‌ലൈനിനോട് വെളിപ്പെടുത്തിയത്. പിന്നീട് പരാതിയുമായി കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുള്‍പ്പെടെ കേസിനെ ചൊല്ലി ഉയര്‍ന്നുകേട്ടിരുന്നു.
2020 മാര്‍ച്ച് 17ന് പാനൂര്‍ പൊലീസ് കേസെടുക്കുകയും ഏപ്രില്‍ 15ന് കേസിലെ പ്രതിയായ പത്മരാജനെ പൊയിലൂര്‍ വിളക്കോട്ടൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് ഡി.ജി.പി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പിന്നീട് കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി രേഷ്മ രമേശ് ഉള്‍പ്പെട്ട സംഘം അന്വേഷണം ഏറ്റെടുത്തു. 2024 ഫെബ്രുവരിയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. പരാതിക്കാരിയായ കുട്ടി, കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ത്ഥി, നാല് അധ്യാപകര്‍ തുടങ്ങി 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു
Content Highlight: Palathayi Case- Highcourt Grants Bail to BJP Leader Padmarajan
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




