28
August, 2026

A News 365Times Venture

28
Friday
August, 2026

A News 365Times Venture

ഷൗക്കത്തിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്; രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

Date:



Kerala


ഷൗക്കത്തിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്; രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മലപ്പുറം സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷൗക്കത്താണ് (33) ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തില്‍ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു.

ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഷൗക്കത്തിന്റെ അന്ത്യം വേദനാജനകമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വേദനയുളവാക്കുന്നതുമാണ്,’ മന്ത്രി കുറിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വാഹന പരിശോധനാ വേളയിലോ തുടര്‍ നടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോ എന്ന് ഗതാഗത സെക്രട്ടറി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണ വിധേയമാക്കും. ലഭിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സമീപനവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നത് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമാണ്. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് കൂടുതല്‍ സൗഹാര്‍ദപരമായി ഇടപെടേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) പകലായിരുന്നു ഷൗക്കത്ത് ഫേസ്ബുക്കില്‍ എം.വി.ഡിക്കെതിരെ പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയത്. തന്റെ വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാനായി മാസങ്ങളോളം എം.വി.ഡി ഓഫീസിലും ഏജന്റുമാരുടെ അടുത്തും പല തവണ പോയെങ്കിലും അത് പുതുക്കി ലഭിച്ചില്ലെന്ന് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

കൈക്കൂലി കൊടുത്തില്ല എന്ന കാരണം കൊണ്ട് എം.വി.ഡി തന്റെ ജീവിത മാര്‍ഗം തകര്‍ത്തു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തന്റെ വരുമാനം നിലക്കുകയും ഇ.എം.ഐ മുടങ്ങുകയും ചെയ്തെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘കഴിഞ്ഞ പത്തു മാസമാണ് ഞാന്‍ ഏജന്റ്, എം.വി.ഡി ഓഫീസുകള്‍ കയറി ഇറങ്ങിയത്. ഇനി എന്റെ മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ല. എന്റെ ഇ.എം.ഐ മുഴുവന്‍ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്‌കോര്‍ 820ല്‍ നിന്ന് 600ലേക്ക് താഴ്ന്നു,’ ഷൗക്കത്ത് കുറിച്ചു.

‘എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ , ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാല്‍ മരണത്തിന് ശേഷം ഇന്ത്യന്‍ നിയമം അനുസരിച്ചു എന്റെ കേസ് നടത്താന്‍ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തില്‍ നിന്നും നീതി കിട്ടാന്‍ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങള്‍ ഓരോരുത്തരും ശബ്ദമുയര്‍ത്തുക എന്നത് മാത്രമാണ് പോംവഴി,’ എന്നും ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

Content Highlight: Kerala Transport Minister’s Response on Shoukath’s Death

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related